Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Saturday, 22 June 2013

ബറാഅത്തും മദ്ഹബുകളും

    ബറാഅത്ത് രാവ്

    നബി (സ :അ)യാല്‍ കാണിച്ചു തന്നിട്ടില്ലാത്ത എന്തെങ്കിലും പുതുതായിട്ടുള്ള ആചാരങ്ങളോ , അനുഷ്ടാനങ്ങളോ ഓരോമാസവും മുസ്ലീം സമുദായത്തില്‍ ഉള്ളവര്‍ക്കിടയില്‍ അനുഷ്ടിച്ച് വരുന്നതായി ഇന്ന് കണ്ടുവരുന്നു . അങ്ങിനെയുള്ളവയില്‍ ഒന്നുതന്നെയാണ് ശഅബാന്‍ മാസം പതിനഞ്ചാമത്തെ രാവില്‍ വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അദ്ധ്യായം മൂന്നു തവണ പാരായണം ചെയ്യുന്നതും , അന്നത്തെ രാത്രിയിലെ പ്രത്യേക നമസ്ക്കാരവും , അന്നത്തെ പകല്‍സമയത്തെ നോമ്പനുഷ്ടിക്കലും മറ്റും .


    ഇങ്ങിനെയുള്ള ആചാരങ്ങളെ ഭക്തിപൂര്‍വ്വം അനുഷ്ടിച്ചു വരുന്ന ഇവര്‍ , ഇങ്ങിനെ ചെയ്യുവാന്‍ നബി (സ :അ) മാര്‍ഗ്ഗദര്‍ശനം നല്‍കിയിട്ടുണ്ടോ ?, അതല്ല ഇങ്ങിനെ ചെയ്യുവാന്‍ കല്പ്പിച്ചിട്ടുണ്ടോ ? എന്ന്  ചിന്തിച്ച് നോക്കാറില്ല .
    നബി (സ :അ) പറഞ്ഞു ; "നമ്മുടെ മാര്‍ഗ്ഗത്തില്‍ ഇല്ലാത്തതിനെ ആര്‍ പുതിയതായി ഉണ്ടാക്കി തീര്‍ക്കുന്നുവോ അത് (അള്ളാഹുവിനാല്‍)നിരാകരിക്കപ്പെടും ". അറിയിക്കുന്നത് : ആയിഷാ (റളി), ബുഖാരി : 2697
    മറ്റൊരു ഹദീസില്‍ പറയുന്നു ; നബി (സ :അ ) പറഞ്ഞു : "എന്റെ സമുദായത്തില്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും . നിഷേധികള്‍ ഒഴികെ" . അപ്പോള്‍ ജനങ്ങള്‍ " അള്ളാഹുവിന്റെ റസൂലേ നിഷേധികള്‍ ആരാണ് ? എന്ന് ചോദിച്ചു . അതിന് നബി(:) " എനിക്ക് കീഴ്വഴങ്ങിയവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും , എനിക്ക് മാറ്റം ചെയ്തവര്‍ (സത്യത്തെ) നിഷേധിച്ചവരായിരിക്കും " എന്ന് മറുപടി നല്‍കി . അറിയിക്കുന്നത് : അബൂ ഹുറൈറ (റളി) , ബുഖാരി ; 7280
    നബി (സ:) കാണിച്ചുതന്നിട്ടില്ലാത്ത കാര്യങ്ങളെ നന്മയെന്നു കരുതി നാം ചെയ്താലും അത് അള്ളാഹുവിനാല്‍ സ്വീകരിക്കപ്പെടുകയില്ല എന്നും , അങ്ങിനെ ചെയ്യുന്നവര്‍ നബി (സ :അ)ക്ക് മാറ്റം ചെയ്തവരും , നരകവാസികളുമാണ് എന്നും മുകളില്‍ കണ്ട ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും .
    പ്രിയപ്പെട്ടവരേ , അല്‍പ്പമെങ്കിലും ചിന്തിച്ചുനോക്കുക . "ബറാഅത്ത് രാവ് " എന്നപേരില്‍ യാസീന്‍ അദ്ധ്യായം മൂന്നുതവണ പാരായണം ചെയ്യുന്നുവല്ലോ ? . നബി (സ :അ) ഇങ്ങിനെ ചെയ്തിട്ടുണ്ട് എന്നുള്ളതിന് ഒരേഒരു അംഗീകരിക്കപ്പെട്ട ഹദീസെങ്കിലുമുണ്ടോ ?. അതല്ല , നബി സഹാബാക്കളെങ്കിലും ഇങ്ങിനെ ചെയ്തിട്ടുണ്ടോ ?. അതുമല്ല മദ്ഹബ് ഇമാമുകളെന്നു നിങ്ങള്‍ ആദരിക്കുന്ന ആ നാല് ഇമാമുകളെങ്കിലും ഇങ്ങിനെ ചെയ്തിട്ടുണ്ട് എന്ന് നിങ്ങള്ക്ക് തെളിയിക്കുവാന്‍ സാധിക്കുമോ ?. തീര്‍ച്ചയായും ഒരിക്കലും നിങ്ങളെക്കൊണ്ട് അതിന് കഴിയുകയില്ല . വേറെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളിതൊക്കെ ചെയ്യുന്നത് . അല്‍പ്പം ചിന്തിച്ചുനോക്കുക .......
    "ബറാഅത്ത് രാവ് " എന്നവാക്കിന് അറബിയില്‍ "ലൈലത്തുല്‍ ബറാഅത്ത് " എന്നാണു പറയുക . നബി (സ:) തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വാക്ക് ഉച്ചരിച്ചിട്ടില്ല . ഇവയെല്ലാം നബി (സ:)യുടെ കാലശേഷം ഉടലെടുത്ത വഴിപിഴച്ച അനാചാരങ്ങളാണ് എന്നതിന് സംശയമില്ല .
    ശഅബാന്‍ മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ പ്രത്യേകമായി അനുഷ്ടിക്കുന്ന "ബറാഅത്ത് നോമ്പ് " എന്നതിനെയെങ്കിലും നബി (സ:) അനുഷ്ടിച്ച് വന്നിരുന്നു എന്ന് നിങ്ങള്ക്ക് തെളിയിക്കുവാന്‍ കഴിയുമോ ?. തീര്‍ച്ചയായും സാധ്യമല്ല . മറിച്ച് , ഇതിന്നു മാറ്റമായി ഓരോമാസവും പതിവായി നോമ്പ് അനുഷ്ടിക്കുന്നവര്‍ ഒഴികെ മറ്റാരും അന്നേദിവസം മുതല്‍ക്കു നോമ്പനുഷ്ടിക്കുവാന്‍ പാടില്ല എന്ന് നബി (സ:) കല്‍പ്പിച്ചിരുന്നു . ഇങ്ങിനെതന്നെയാണ് നിങ്ങള്‍ അംഗീകരിച്ചിട്ടുള്ള മദ്ഹബ് ഗ്രന്ഥങ്ങളിലും പറയുന്നത് . ഷാഫി മദ്ഹബ് ഗ്രന്ഥമായ "ഇയാനത്തു താലിബീന്‍ " എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക .

    وكذلك يحرم الصوم بعد نصف شعبان لما صح من قوله صلى الله عليه وسلم إذا انتصف شعبان فلا تصوموا ( إعانة الطالبين ج: 2 ص: 273)
    ശഅബാന്‍ പകുതിക്ക് ശേഷം നോമ്പനുഷ്ടിക്കുന്നത് ഹറാമാകുന്നു . എന്തുകൊണ്ടെന്നാല്‍ "ശഅബാന്‍ പകുതി എത്തിക്കഴിഞ്ഞാല്‍ നോമ്പനുഷ്ടിക്കരുത് " എന്ന് നബി (സ:)പറഞ്ഞതായി സ്വഹീഹായ ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ( ഗ്രന്ഥം ; ഇയാനത്തു താലിബീന്‍ : ഭാഗം 2 : പേജ്  273 )
    മദ്ഹബിനെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമേ പള്ളിയില്‍ നമസ്ക്കരിക്കുവാന്‍ അനുവാദമുള്ളൂ എന്ന് ബോര്‍ഡ്‌ എഴുതി തൂക്കിയിരിക്കുന്ന നിങ്ങള്‍ , നിങ്ങളുടെ മദ്ഹബ് തന്നെ നിഷിദ്ധമാക്കിയ ഒരുകാര്യത്തെ എന്തടിസ്ഥാനത്തിലാണ് അനുഷ്ടിച്ച് വരുന്നത് ?. ഇങ്ങിനെ മദ്ഹബ് ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുള്ളത് സത്യമാണോ ? എന്ന് നിങ്ങളുടെ ആലിമീങ്ങളോട് ചോദിച്ചു നോക്കുക . സത്യമെന്താണെന്ന് നിങ്ങള്ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും .
    ومن البدع المذمومة التي يأثم فاعلها ويجب على ولاة الأمر منع فاعلها صلاة الرغائب اثنتا عشرة ركعة بين العشاءين ليلة أول جمعة من رجب وصلاة ليلة نصف شعبان مائة ركعة (إعانة الطالبين ج: 1 ص: 270)

    റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാത്രി മഗ് രിബിന്നും ഇഷാ നമസ്കാരതിന്നും ഇടയ്ക്ക് പന്ത്രണ്ട് റഖഅത്തുകള്‍ പ്രത്യേകമായി നിസ്ക്കരിക്കുന്നതും , ശഅബാന്‍ മാസം പതിനഞ്ചാം രാവില്‍ നൂറ് റഖഅത്തുകള്‍ പ്രത്യേക നിസ്ക്കാരം നിര്‍വ്വഹിക്കുന്നതും ആക്ഷേപാര്‍ഹാമായ ബിദ്അത്തുകളാണ് . അങ്ങിനെ നിസ്ക്കരിക്കുന്നവന്‍ പാപിയാകുന്നു . ഇതിനെ തടയേണ്ടത് ഭരണാധികാരികളുടെ കര്‍ത്തവ്യമാണ് . (ഷാഫി മദ്ഹബ് ഗ്രന്ഥം . ഇയാനത്തു താലിബീന്‍ : ഭാഗം 1 ; പേജ് 270 )
      
    فائدة أما الصلاة المعروفة ليلة الرغائب ونصف شعبان ويوم عاشوراء فبدعة قبيحة وأحاديثها موضوعة (فتح المعين ج: 1 ص: 270)
    (റജബ് മാസത്തിലെ )പ്രത്യേകമായ ഒരു രാത്രിയിലും , ശഅബാന്‍ പതിനഞ്ചാമത്തെ രാത്രിയിലും ആശുറാ ദിനത്തിലും നമസ്ക്കരിക്കുന്ന പ്രത്യേക നിസ്ക്കാരങ്ങള്‍ തെറ്റായ ബിദ്അത്തുകളാണ് . അവയെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകള്‍ എല്ലാം കെട്ടിച്ചമച്ചവയാണ് (ഷാഫി മദ്ഹബ് ഗ്രന്ഥം : ഫതഹുല്‍ മുയീന്‍ ഭാഗം 1 ; പേജ് 270 )
    وإسراج السرج الكثيرة في السكك والأسواق ليلة البراءة بدعة وكذا في المساجد (البحر الرائق ج: 5 ص: 232)

    ബറാഅത്ത്  രാവില്‍ തെരുവീഥികളിലും , അങ്ങാടികളിലും , പള്ളികളിലും കൂടുതലായി വിളക്കുകള്‍ കത്തിക്കുന്നത് ബിദ്അത്തായ പ്രവൃത്തിയാണ്‌ . ( ഹനഫി മദ്ഹബ് ഗ്രന്ഥം : അല്‍ ബഹറുര്‍രായിക്ക് ; ഭാഗം 5 പേജ്  232 )
    സ്നേഹമുള്ള ഇസ്ലാം സമൂഹമേ ! നിങ്ങളുടെ ആലിമീങ്ങള്‍ ഏതു മദ്ഹബിനെ പിന്‍പറ്റണം എന്ന് നിങ്ങളെ അനുശാസിക്കുന്നുവോ ആ മദ്ഹബ് ഗ്രന്ഥങ്ങളില്‍ തന്നെയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്‌ . ഇതിനെ എന്നെങ്കിലും നിങ്ങളുടെ ആലിമീങ്ങള്‍ നിങ്ങള്‍ക്ക് ഉപദേശിച്ചിട്ടുണ്ടോ ?. അല്‍പ്പമെങ്കിലും ചിന്തിച്ചുനോക്കുക . നിങ്ങളുടെ മദ്ഹബ് ഗ്രന്ഥങ്ങളില്‍ തന്നെ ചെയ്യുവാന്‍ പാടില്ലാത്തതാണ് , ബിദ്അത്തായതാണ് , ചെയ്യുന്നതില്‍ നിന്നും അവരെ തടയേണ്ട വളരെ മോശമായ കാര്യമാണ് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങളെ തന്നെയാണ് നിങ്ങളോടൊപ്പം നിങ്ങളുടെ ആളിമീങ്ങളും ചേര്‍ന്ന് ചെയ്തുകൊണ്ടിരിക്കുന്നത് . ഇതില്‍നിന്നു തന്നെ ഇവര്‍ മാര്‍ഗ്ഗത്തെ മാത്രമല്ല മദ്ഹബുകളേയും ചേര്‍ത്തു തന്നെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്  എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും .

    എം .ഐ .സുലൈമാന്‍ (തമിഴില്‍ നിന്നും )








      
      
     

      

     

      




No comments:

Post a Comment