Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Monday, 2 March 2015

ഉമൈര്‍ ഇബ്നു സഅദ് (റളി) ഭാഗം 1

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ

                    ഉമൈര്‍ ഇബ്നു സഅദ് ( റളി ) ഭാഗം 1

         വര്‍ഷം ഒന്ന് കടന്നുപോയി . ഹിംസ് പ്രവിശ്യയിലെ ഗവര്‍ണ്ണരുടെ പക്കല്‍ നിന്നും വാര്‍ത്തകളൊന്നും ഇതുവരെയും വന്നിട്ടില്ല . ബൈത്തുല്‍ മാലി (ഖജനാവ്)ലേക്ക് വന്നു ചേരേണ്ട സക്കാത്തിന്റെ വിഹിതവും അയച്ചുതന്നിട്ടില്ല . എന്തുതന്നെയാണ് ഹിംസില്‍ നടക്കുന്നത് ?. മദീനയിലുള്ള ഖലീഫ ഉമര്‍ (റളി )ന്റെ മനസ്സില്‍ സംശയത്തിന്റെ നാമ്പുകള്‍ മുളപൊട്ടുവാന്‍ തുടങ്ങി . നമ്മുടെ ഗവര്‍ണ്ണര്‍ ഇഹലോക സുഖങ്ങള്‍ക്ക് അടിമപ്പെട്ട് പോയോ ?. അങ്ങിനെയാവാന്‍ ഒരു സാധ്യതയും ഇല്ലല്ലോ ?. ശ്രേഷ്ടനായ ഒരാളെ തന്നെയാണല്ലോ താന്‍ ഗവര്‍ണരായി തിരഞ്ഞെടുത്ത് അയച്ചത് .


         എത്രതന്നെ ശ്രേഷ്ടനായിരുന്നാലും ഇഹലോക സുഖഭോഗങ്ങളില്‍ നിന്നും പൂര്‍ണ്ണ സംരക്ഷണം നബി(:)ക്ക് അല്ലാതെ ആര്‍ക്കാണ് കിട്ടിയിട്ടുള്ളത് ?. ഈവിധ ചിന്തകള്‍ക്കിടയില്‍ ഒരു തീരുമാനത്തോടുകൂടി ഖലീഫ ഉമര്‍ (റളി )തന്റെ സഹായിയെ വരുത്തിച്ച് പറഞ്ഞു . ഹിംസിലുള്ള നമ്മുടെ ഗവര്‍ണര്‍ക്ക്‌ ഒരു കത്തയക്കുക . 'അമീറുല്‍ മുഅമിനീന്റെ ഈ കത്ത് കിട്ടിയ ഉടന്‍തന്നെ പുറപ്പെട്ടുവരിക . വരുമ്പോള്‍ മുസ്ലീംകളുടെ പക്കല്‍നിന്നും ശേഖരിച്ച സക്കാത്തിന്റെ വിഹിതങ്ങളും കൊണ്ടുവരിക ' .

        കത്ത് ഗവര്‍ണരുടെ കയ്യിലെത്തിച്ചേര്‍ന്നു . ഉടന്‍തന്നെ കെട്ടും മാറാപ്പുകളുമായി ഗവര്‍ണര്‍ മദീനയിലേക്ക് യാത്രതിരിച്ചു .

                         *              *               *                *
         ഒരുദിവസം നബി (സ:) മസ്ജിദുന്നബവിയില്‍ ഇരിക്കുന്ന സമയത്ത് തിടുക്കത്തില്‍ ഒരു ബാലന്‍ ഓടിക്കിതച്ചു വന്ന് നബി (സ:) യുടെ മുന്നില്‍ നിന്നു . സംഭ്രമത്തോടുകൂടി ആ ബാലന്‍ നബി (സ:) യോട് പറഞ്ഞ വാര്‍ത്തകേട്ട് അവിടെ കൂടിയിരുന്ന സഹാബാക്കള്‍ പോലും അമ്പരന്നുപോയി .

         നബി (സ:) ജുലാസ് ഇബ്നു സുവൈദിനെ വിളിച്ചുകൊണ്ടു വരുവാന്‍ ആളയച്ച ശേഷം ബാലനായ 'ഉമൈര്‍ ഇബ്നു സഅദി'നോട് പള്ളിയില്‍ ഇരിക്കുവാന്‍ പറഞ്ഞു .

         ഇനി ഒരല്‍പം മുന്‍കാല ചരിത്രത്തിലേക്ക് :-
        'സഅദിബ്നു ഉബൈദ് ' ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ സഹാബികള്‍ക്കിടയില്‍ പ്രസിദ്ധി നേടിയ 'കാരി' ആയിരുന്നു . 'സഅദ് അല്‍കാരി' എന്ന നാമത്തില്‍ ആളുകള്‍ക്കിടയില്‍ പ്രസിദ്ധനായിരുന്നു . അത്രത്തോളം അദ്ദേഹം ഖുര്‍ആന്‍ പാരായണത്തില്‍ മികവ് നേടിയിരുന്നു . ഖുര്‍ആന്‍ പാരായണത്തിലെ പ്രസസ്തി മാത്രം കൊണ്ട് ഒതുങ്ങിക്കഴിയുവാന്‍ സന്നദ്ധനായിരുന്നില്ല അദ്ദേഹം . ബദര്‍ , ഉഹദ് , ഖന്തഖ് എന്ന്‍ നബി (സ:)യുടെ കാലത്ത് നടന്ന എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു . ജീവനെ തുച്ഛമായിക്കരുതി പോര്‍ക്കളത്തെ പട്ടുമെത്തയായി കണ്ടിരുന്ന അദ്ദേഹം അറുപത്തി നാലാമത്തെ വയസ്സില്‍ ഖലീഫ ഉമര്‍ (റളി)ന്റെ ഭരണകാലത്ത് നടന്ന 'കാദിസിയ്യാ' യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു . ചരിത്രത്തിന്റെ ഏടുകളില്‍ ഭദ്രമായി കുറിച്ചിടപ്പെട്ടിട്ടുള്ള വാക്കുകള്‍ തന്നെയാണ് ഇതിനു സാക്ഷി . കാദിസിയ്യ വിജയത്തെക്കുറിച്ച് സൈന്യാധിപനായ 'സഅദിബ്നു അബീ വഖാസ് (റളി)' ഖലീഫ ഉമര്‍ (റളി)ന്ന്  ഒരു കത്തെഴുതുകയുണ്ടായി . അതില്‍ "പരമകാരുണികനായ അല്ലാഹു നമുക്ക് പേര്‍ഷ്യക്കാരുടെ മേല്‍ വിജയം നല്‍കിയിരിക്കുന്നു . അതിന്നായി വളരെ നീണ്ട ഒരു യുദ്ധംതന്നെ നമുക്ക് ചെയ്യേണ്ടിവന്നു . വളരെയധികം വേദനകളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നു . അവസാനം ഇവര്‍ക്ക് മുന്‍പുണ്ടായിരുന്ന ശത്രുക്കള്‍ക്ക് നല്‍കിയ ശിക്ഷതന്നെ അല്ലാഹു ഇവര്‍ക്കും നല്‍കി . മുസ്ലീംകളോട് യുദ്ധത്തിനൊരുങ്ങി വന്ന അവരുടെ അംഗസംഖ്യ നമ്മള്‍ ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം വലുതായിരുന്നു . എന്നിരുന്നിട്ടും ആ അംഗബലം അവര്‍ക്ക് ഉപകരിച്ചില്ല . എന്നാല്‍ , അള്ളാഹുവിന്റെ അനുഗ്രഹം മുസ്ലീംകള്‍ക്ക് കൂട്ടുണ്ടായിരുന്നു . നമ്മുടെ യോദ്ധാക്കള്‍ അവരെ നദിയിലും , കരയിലും , മലമ്പാതകളിലും പിന്തുടര്‍ന്നു വിരട്ടിയോടിച്ചു . മുസ്ലീംകള്‍ക്കിടയില്‍ നിന്നും 'സഅദിബ്നു അല്ക്കാരി' തുടങ്ങി ഇന്നാര്‍ , ഇന്നാരെല്ലാം രക്തസാക്ഷികളായി . ഇവരെക്കൂടാതെ പേരറിയാത്ത മറ്റുചിലരും രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട് . അവരുടെ പേരുകള്‍ നമുക്കറിയില്ല . എന്നാല്‍ അല്ലാഹു അവരെക്കുറിച്ച് വളരെ നന്നായറിയുന്നവാനാണ് .

          രാത്രി സമയങ്ങളില്‍ സഅദ് ഇബ്നു ഉബൈദിന്റെ ഖുര്‍ആന്‍ പാരായണം തേനീച്ചകളുടെ രീങ്കാരം പോലെ മുഴങ്ങിക്കേല്‍ക്കുമായിരുന്നു . യുദ്ധക്കളത്തില്‍ അദ്ദേഹം ഒരു സിംഹത്തെപ്പോലെ ആയിരുന്നു . ഒരു പക്ഷെ സിംഹത്തോട് പോലും അദ്ദേഹത്തെ ഉപമിക്കുവാന്‍ പറ്റുകയില്ലതന്നെ . നമ്മില്‍നിന്നും ഈ ലോകത്തോട്‌ വിടപറഞ്ഞവര്‍ക്ക് , അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച ബഹുമതി കിട്ടിയിരിക്കുന്നു . നമ്മോടൊപ്പം ഉള്ളവരുടെ പ്രതിഫലവും മരണമടഞ്ഞവര്‍ക്ക് കിട്ടിയതിനു തുല്യമായതുതന്നെ".

          ഈ കത്തിനെക്കുറിച്ച് വിശദമായി എഴുതുകയാണെങ്കില്‍ പലഭാഗങ്ങള്‍ എഴുതേണ്ടതായിവരും . നമുക്കിവിടെ ചുരുക്കത്തില്‍ മനസ്സിലാക്കുവാനുള്ളത് ഈണത്തോടുകൂടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലൂടെ സഹാബാക്കള്‍ക്കിടയില്‍ 'കാരി' എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന സഅദ് ഇബ്നു ഉബൈദ് പടക്കളത്തിലും പരാക്രമശാലിയായിരുന്നു . അതിന് അവര്‍ക്കുകിട്ടിയത് രക്തസാക്ഷിത്വം എന്ന മഹത്തായ പ്രതിഫലമായിരുന്നു . ഈ മഹല്‍ത്യാഗിയുടെ മകന്‍ തന്നെയായിരുന്നു ആദ്യം നമ്മള്‍ നബി (സ:)യോടൊപ്പം കണ്ട ബാലന്‍ 'ഉമൈര്‍ ഇബ്നു സഅദ് '.

          ഉമൈരിന്റെ അമ്മയും സഅദ് ഇബ്നു ഉബൈദും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം ഉമൈരിന്റെ അമ്മ പുനര്‍വിവാഹം ചെയ്തതാണ് ജുലാസ് ഇബ്നു സുവൈദിനെ . ഇദ്ദേഹം ഉമൈരിന്റെ തന്നെ ഗോത്രമായ മദീനയിലെ അവ്സ് എന്ന ഗോത്രത്തിലെ അംഗമായിരുന്നു . സമ്പന്നനും , സല്‍സ്വഭാവിയുമായിരുന്നു . തന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ ഉമൈറിനെ വളരെ സ്നേഹത്തോടുകൂടി സ്വന്തം മകനെപോലെയാണ് ജുലാസ് വളര്‍ത്തിക്കൊണ്ടുവന്നത് . ഉമൈരിനും തന്റെ വളര്‍ത്തച്ചനോട് വളരെ അടുപ്പവും , സ്നേഹവുമായിരുന്നു . സത്യസന്ധതയും , സല്‍സ്വഭാവവും , ബുദ്ധിശക്തിയും ഉമൈരിന്റെ കൂടപ്പിറപ്പായിരുന്നു . ഉമൈരിന്റെ പ്രായത്തിനൊപ്പം സ്വഭാവഗുണങ്ങളിലും വളര്‍ച്ച കൂടിക്കൊണ്ടിരുന്നു . ഇവയെല്ലാം ജുലാസിന് ഉമൈരിന്റെ പേരിലുള്ള വാത്സല്യത്തിന് ആക്കം കൂട്ടിവന്നു .

          ഉമൈര്‍ ഇബ്നു സഅദ് (റളി ) അവരുടെ പത്താമത്തെ വയസ്സില്‍ , മദീനയില്‍ ഇസ്ലാം പ്രചാരമായി കൊണ്ടിരുന്ന ആദ്യകാലത്ത് തന്നെ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ചവരായിരുന്നു . ബുദ്ധിമാനായ ഉമൈരിന്റെ മനസ്സില്‍ വളരെ വേഗത്തിലും , ആഴത്തിലും ഇസ്ലാം വേരൂന്നിപ്പോയിരുന്നു . കാപട്യം തീണ്ടാത്ത ചെറുപ്രായം ഇസ്ലാമിനെ അവരുടെ ജീവിതചര്യയാക്കി തീര്‍ത്തിരുന്നു . ഉത്തരവാദിത്വങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ തുടങ്ങിയിട്ടില്ലാത്ത പ്രായം . അമ്മയുടേയും വളര്ത്തച്ചന്റെയും സ്നേഹപൂര്‍ണമായ പരിലാളനം . ആവശ്യത്തിനു സാമ്പത്തിക ഭദ്രതയോടുകൂടിയ വാസസ്ഥലം . എല്ലാറ്റിനും മീതെ പരിശുദ്ധ ഇസ്ലാമിനെ കുറിച്ചുള്ള ബോധനം നബി (സ:)യില്‍ നിന്നും തേന്‍ തുള്ളികള്‍ പോലെ നേരിട്ട് മനസ്സിലാക്കുവാന്‍ കിട്ടിയ സുവര്‍ണാവസരം . ഇതിനെക്കാളും കൂടുതലായി എന്ത് സൌഭാഗ്യമാണ് ഈ ലോകത്ത് ഒരാള്‍ക്ക്‌ കിട്ടേണ്ടത് ?.

          ഉമൈര്‍ ബാല്യ സഹജമായ കുതൂഹലത്തോടെ തുള്ളിച്ചാടി പള്ളിയില്‍ചെന്ന് നബി (സ:)യുടെ പിന്നില്‍നിന്ന് നമസ്ക്കരിച്ചിട്ട് ഓടിവരുന്നത്‌ സന്തോഷം നിറഞ്ഞ മനസ്സോടെ അവരുടെ അമ്മ നോക്കി നില്‍ക്കുമായിരുന്നു . സന്തോഷത്തിലും , സമാധാനത്തിലും കടന്നുപോയ്ക്കൊണ്ടിരുന്നു ഉമൈരിന്റെ ബാല്യം . എന്നാല്‍ , ഈ സന്ദര്‍ഭത്തില്‍ അയാള്‍ക്ക് ഒരു പരീക്ഷണ ഘട്ടത്തെ അഭിമുഖീകരിക്കേണ്ട സ്ഥിതി വന്നുചേര്‍ന്നു . ആ ചെറുപ്രായത്തില്‍ അവരെ സംബന്ധിച്ചേടത്തോളം താങ്ങാവുന്നതിലും വലുതായിരുന്നു .

          ഹിജ്റി ഒന്‍പതാം വര്‍ഷം നബി (സ:) തബൂക്കുമായിട്ടുള്ള യുദ്ധത്തിനായി തയ്യാറെടുപ്പ് നടത്തി കൊണ്ടിരിക്കുന്ന സമയം . സിറിയക്ക് തൊട്ടുകിടക്കുന്ന ഒരു പ്രദേശമാണ് തബൂക്ക് . മദീനയില്‍ നിന്നും വളരെ ദൂരത്തുള്ള ഒരു പ്രദേശം . അത്രയും ദൂരം യാത്രചെയ്ത് ബൈസാന്തിയക്കാരെ യുദ്ധക്കളത്തില്‍ വെച്ച് നേരിടുക എന്ന തീരുമാനം മുസ്ലീംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മുന്നിലുള്ള ഒരു വെല്ലുവിളി തന്നെയായിരുന്നു . അതിന് പലകാരണങ്ങളും ഉണ്ടായിരുന്നു . അവയില്‍ പ്രധാനപ്പെട്ടത് സാമ്പത്തികമായ കുറവുതന്നെ . സഞ്ചരിക്കാനുള്ള ദൂരം , നേരിടേണ്ട ശത്രുവിന്റെ ബലം എന്നിവയും കണക്കിലെടുക്കേണ്ടതുണ്ട് . ശത്രുക്കള്‍ക്ക് എതിരെ പെട്ടെന്നുള്ള സൈന്യസന്നാഹമാണ് എന്നുള്ളപ്പോള്‍ എവിടെക്കാണ്‌ ചെല്ലുന്നത് എന്നതിനെക്കുറിച്ച് മുസ്ലീംകളോട് പറയാതെ രഹസ്യമാക്കി വെക്കുകയാണ് നബി (സ:)യുടെ പതിവ് . എന്നാല്‍ പതിവിനു വിരുദ്ധമായി ഇപ്രാവശ്യം മുസ്ലീംകള്‍ നേരിടേണ്ട പ്രതിസന്ധികളെ മുന്നില്‍കണ്ട് തങ്ങളുടെ പടപ്പുറപ്പാടിന്റെ ലക്ഷ്യത്തെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ സൂചന നല്‍കുകയുണ്ടായി . ഈ സൈന്യത്തില്‍ ചേര്‍ന്ന് യുദ്ധക്കളത്തെ അഭിമുഖീകരിക്കുവാന്‍ പോകുന്ന നിങ്ങള്‍ ഇതിലടങ്ങിയിട്ടുള്ള സാധാരണയില്‍ കവിഞ്ഞ ബുദ്ധിമുട്ടുകളേയും , അപകടങ്ങളേയും മുന്‍കൂട്ടി കരുതിയിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ് എന്ന മുന്നറിയിപ്പും നബി (സ:) മുസ്ലീം സൈന്യത്തിന് നല്‍കുകയുണ്ടായി .

          അതൊരു കഠിനമായ വേനല്കാലമായിരുന്നു . പകല്‍ സമയത്തെ ചൂട് തല പിളര്‍ക്കുന്നപോലെ കടുപ്പമേറിയതായിരുന്നു . ഇങ്ങിനെയുള്ള സമയങ്ങളില്‍ അറബികള്‍ വിശ്രമങ്ങളില്‍ മുഴുകുകയാണ് പതിവ് . എന്നാല്‍ ഇതൊന്നും സഹാബികള്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല . നബി (സ:) യുദ്ധത്തിന് പുറപ്പെടുവാന്‍ കല്‍പ്പന നല്‍കിക്കഴിഞ്ഞു . പുറപ്പെടുകതന്നെ . അഭിമുഖീകരിക്കുവാന്‍ പോകുന്ന പ്രതിബന്ധങ്ങളെ കുറിച്ചുള്ള ചിന്തകളെയെല്ലാം മനസ്സില്‍നിന്നും തുടച്ചുമാറ്റി മദീനാ ഉത്സാഹത്തിലാരാടി . സഹാബാക്കള്‍ ഉത്സാഹത്തോടുകൂടി യുദ്ധ സന്നാഹങ്ങളില്‍ വ്യാപ്രതരായി .

          മുഹാജിര്‍ , അന്‍സാരി സ്തീകള്‍ നബി (സ:)യുടെ അടുക്കലെത്തി . അവര്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ അഴിച്ച് അവരുടെ മുന്നില്‍വെച്ചു . 'ഇവ സ്വീകരിച്ചു കൊള്ളുക , അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുവാന്‍ പോകുന്ന പടയാളികള്‍ക്ക് പടക്കോപ്പുകള്‍ വാങ്ങുവാന്‍ ഇവ ഉപകരിക്കട്ടെ' . ഉദുമാന്‍ ഇബ്നു ഹഫ്ഫാന്‍ (റളി ) ഒരു സഞ്ചി നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍ കൊണ്ടുവന്നു . അബ്ദുര്റഹ്മാന്‍ ഇബ്നു ഔഫ്‌ (റളി) ഇരുന്നൂറു റാത്തല്‍ തങ്കം ചുമലില്‍ ചുമന്നു കൊണ്ടുവന്നു . ഇങ്ങിനെ തങ്കവും , ആഭരണങ്ങളും , സ്വര്‍ണ്ണ നാണയങ്ങളും ഒരുഭാഗത്ത് , മറ്റൊരുവശത്ത്‌ ഒരു സഹാബി തന്റെ പക്കലുണ്ടായിരുന്ന ഒരേയൊരു വിലപിടിപ്പുള്ള വസ്തുവായ തന്റെ കിടക്കയുമായി ചന്തയിലേക്ക് എത്തിച്ചേര്‍ന്നു . അതിനെക്കാളും ഉപകാരപ്രദമായ ഒന്നുംതന്നെ അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല . 'അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ എനിക്ക് യുദ്ധംചെയ്യണം . അതിന് എനിക്കൊരു വാള്‍ വേണം ' അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം .

          കട്ടില്‍ , മെത്ത , വീട്ടുപകരണങ്ങള്‍ , ആഭരണങ്ങള്‍ , സ്വത്ത് , സുഖം എന്ന് തങ്ങള്‍ക്കു നല്‍കുവാന്‍ കഴിയുന്നതെല്ലാം നല്‍കി യുദ്ധത്തിന് ഒരുക്കം കൂട്ടുകയായിരുന്നു സഹാബാക്കള്‍ .

          ഇങ്ങിനെ തിടുക്കത്തിലുള്ള യുദ്ധസന്നാഹം മസ്ജിദുന്നബവിയില്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു . ഇതുകണ്ട ബാലന്‍ ഉമൈരിന്നു ഉത്സവകാല സന്തോഷം . തുള്ളിച്ചാടിക്കൊണ്ടു വീട്ടിലേക്ക് ഓടിച്ചെന്നു .

          സഹാബാക്കള്‍ക്കിടയില്‍ തിരക്കിട്ട് നടന്നുകൊണ്ടിരുന്ന യുദ്ധത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ , മദീനയില്‍ മറ്റൊരു കൂട്ടരുണ്ടായിരുന്നു . പുറമേ മുസ്ലീംകളായും അകത്തു മുനാഫിക്കുകളായും കഴിഞ്ഞിരുന്ന ഒരു വിഭാഗക്കാര്‍ . അവര്‍ക്ക് തബൂക്കുമായുള്ള യുദ്ധം നടക്കുവാന്‍ പോകുന്നു എന്നുകേട്ടതും ഞെട്ടലാണ് ഉണ്ടായത് . ചുട്ടുപൊള്ളുന്ന ഈ കൊടും വെയിലത്ത് അത്രയും ദൂരം യാത്രചെയ്ത് യുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചുവരുവാന്‍ തങ്ങളുടെ പക്കല്‍ എന്ത് സൗകര്യങ്ങളാണ് ഉള്ളത് ?. അതും , ഏറ്റുമുട്ടേണ്ടത് ആരോടാണ് ?. ഒരു മഹാസാമ്രാജ്യത്തിന്റെ സേനയോട് . പോവുകയാണെങ്കില്‍ ജീവനെങ്കിലും ബാക്കിയുണ്ടാവുമോ ?. ഈവിധ ചിന്തകളായിരുന്നു അവരുടെ മനസ്സുകളില്‍ . ഇത് അനുചിതമായ നടപടിയാണ് . ഇതൊന്നും ശരിയാവുകയില്ല . എന്നിങ്ങിനെയുള്ള സംശയത്തിന്റെ വിത്തുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങി അവര്‍ . നബി (സ:)യുടെ പിന്നില്‍ നിന്നുകൊണ്ട് നുണപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു . ഇതിന്റെ പ്രത്യാഘാതം മാനസീകമായി ബലഹീനരായ വിശ്വാസികള്‍ക്കിടയില്‍ ചലനങ്ങളുണ്ടാക്കി . ഉമൈരിന്റെ വീട്ടിലും അതിന്റെ പ്രതിഫലനം കടന്നുകൂടി .

          വീട്ടിലേക്ക് ഒടിക്കയറിവന്ന ഉമൈര്‍ , നഗരത്തിന്റെ കോലാഹലങ്ങളുടെയും , ഉത്സാഹത്തിന്റെയും ഒരു ചലനവുമില്ലാതെ തന്റെ ഭവനം ശാന്തമായിരിക്കുന്നതാണ് കണ്ടത് . എന്തുപറ്റി ജുലാസിന് ?. ജുലാസ് യുദ്ധത്തിന് ചെല്ലാനുള്ള ഒരുക്കങ്ങളൊന്നും ചെയ്യുന്നതായി കാണുന്നില്ലല്ലോ ?. സമ്പത്തും , സൌകര്യങ്ങളും ഉണ്ടായിട്ടും യുദ്ധചിലവുകല്‍ക്കായി അയാള്‍ ഒന്നും നല്‍കിയതായി കണ്ടില്ലല്ലോ ?. എന്നീവിധത്തിലുള്ള ചിന്തകള്‍ ആ ബാലന്റെ മനസ്സില്‍ തിങ്ങിക്കൂടി . ഒരുപക്ഷെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ വീട്ടിലിരിക്കുന്ന ജുലാസിന് അറിയുവാന്‍ ഇടവന്നിട്ടില്ലായിരിക്കാം എന്ന വിചാരത്തില്‍ ആകാംക്ഷയോടും , വാചാലതയോടും പള്ളിയില്‍ താന്‍ കണ്ട സംഭവങ്ങളെ കുറിച്ച് ഓരോന്നായി ജുലാസിനോട് വിവരിക്കുവാന്‍ തുടങ്ങി ഉമൈര്‍ .

          "മുസ്ലീംകളില്‍ ചിലര്‍ കൂട്ടമായി വന്ന് തങ്ങളേയും സൈന്യത്തില്‍ ചേര്‍ത്തുകൊള്ളുവാന്‍ നബി (സ:) യോട് നിര്‍ബന്ധപൂര്‍വ്വം കേണപേക്ഷിച്ചു . നിര്‍ഭാഗ്യവശാല്‍ അവരുടെ യാത്രയ്ക്ക് വേണ്ട കുതിരകളോ , ഒട്ടകങ്ങളോ നബി (സ:)യുടെ പക്കല്‍ ഉണ്ടായിരുന്നില്ല . അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുവാനുള്ള ഭാഗ്യം തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് കണ്ണീരോടുകൂടി അവര്‍ മടങ്ങിപ്പോയി ".

           ആകാംക്ഷയോടുകൂടി താന്‍ കണ്ട കാര്യങ്ങളെക്കുറിച്ച് വാചാലതയോടെ വിവരിച്ചു കൊണ്ടിരുന്നു ഉമൈര്‍ . എല്ലാം കേട്ടുകൊണ്ടിരുന്ന ജുലാസ് പെട്ടെന്ന് ആക്രോശത്തോടുകൂടി പൊട്ടിത്തെറിച്ചു . "തന്നെ ഒരു നബിയാണെന്ന് പറഞ്ഞുകൊണ്ടു നടക്കുകയാണ് ഈ മുഹമ്മദ്‌ . അതുമാത്രം സത്യമാണെങ്കില്‍ നമ്മളെല്ലാം കഴുതകളെക്കാളും നികൃഷ്ട ജീവികളാണ് ". ചെകിട്ടത്തു ഒരടി കിട്ടിയപോലെ ഞെട്ടിത്തരിച്ചുപോയി ബാലനായ ഉമൈര്‍ . 'ജുലാസാണോ ഈ സംസാരിച്ചത് ?. ഇയാളെ വിവേകശാലിയാണെന്ന് വിശ്വസിച്ചിരുന്നുവല്ലോ ?. ജുലാസിന്റെ ഈ വാക്കുകള്‍ ഇസ്ലാമിന്റെ പേരിലുള്ള ഇയാളുടെ വിശ്വാസത്തെ തന്നെ തകര്‍ത്തുകളയുന്ന വിധമാണല്ലോ ?'. ഉമൈരിനു ഇത് സഹിക്കുവാന്‍ കഴിഞ്ഞില്ല . അമ്പരപ്പോടുകൂടി ചിന്തിക്കുവാന്‍ തുടങ്ങി ഉമൈരിന്റെ മനസ്സ് . ജുലാസില്‍ നിന്നും ഇങ്ങിനെയുള്ള വാക്കുകള്‍ കേട്ടശേഷവും ഇതിനെ ഗൌരവമായി കാണാതെ ഉപേക്ഷ ഭാവിക്കുകയാണെങ്കില്‍ അത് അള്ളാഹുവിനും , അവന്റെ റസൂലിനും ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും . പുറത്തു പറഞ്ഞാല്‍ അതുതന്റെ വളര്‍ത്തച്ചനോടുള്ള നന്ദികേടുമായിരിക്കും . എന്താണ് താന്‍ ചെയ്യേണ്ടത് ?.

          ഉമൈരിന്റെ ബുദ്ധിസാമര്‍ത്ഥ്യം ഇവിടെ കൂട്ടിനെത്തി . അദ്ദേഹം സ്വായത്തമാക്കിയിരുന്ന ബാലപാഠം അയാളുടെ മനസ്സിന് വ്യക്തതയേകി . "അള്ളാഹുവിനെ കൊണ്ടും ഞാന്‍ സത്യംചെയ്യുന്നു . ഈ ലോകത്ത് നിങ്ങളെക്കാള്‍ കൂടുതലായി ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല . ഒരേയൊരു ആളൊഴികെ . അയാളാണ് മുഹമ്മദിബ്നു അബ്ദുല്ലാഹ് (സ:) . നിങ്ങള്‍ എനിക്ക് വളരെയേറെ വേണ്ടപ്പെട്ടവര്‍ തന്നെയാണ് . എന്നും ഞാന്‍ നിങ്ങള്‍ക്ക് ബാധ്യസ്ഥനാണ് . എന്നാല്‍ , നിങ്ങളിപ്പോള്‍ പറഞ്ഞ കാര്യങ്ങളുണ്ടല്ലോ , അതിനെ ഞാന്‍ വീണ്ടും ഉച്ചരിക്കുന്നത് പോലും ദൈവനിഷേധമായിരിക്കും . ഞാനിതിനെ രഹസ്യമാക്കി വെയ്ക്കുകയാണെങ്കില്‍ അത് മുസ്ലീംകളോട് ചെയ്യുന്ന ദ്രോഹമാണ് . ഇസ്ലാം മാര്ഗ്ഗത്തിന് എതിരായുള്ള ചതിയാണ് . എന്നെ നരകത്തിലേക്ക് കൊണ്ടെത്തിക്കുന്ന കാര്യമാണ് . അതുകൊണ്ട് , ഞാനിക്കാര്യം അള്ളാഹുവിന്റെ രസൂലിനോട് പറയുവാന്‍ പോവുകയാണ് . നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നബി (സ:)യോട് പറയുവാന്‍ പോകുന്നു . സൂക്ഷിച്ചുകൊള്ളുക . ഞാനിത് ഉറച്ച തീരുമാനത്തോടുകൂടി തന്നെയാണ് പറയുന്നത് ".

           ജുലാസിനോട് ഇത്രയും പറഞ്ഞശേഷം ഉമൈര്‍ തിടുക്കത്തില്‍ ഓടിവന്ന് നബി (സ:)യുടെ മുന്നില്‍ നിന്നു . നടന്ന സംഭവങ്ങളെ കുറിച്ച് പറഞ്ഞു . അത് കേട്ട് സഹാബികള്‍ അമ്പരന്നുപോയി . ജുലാസ് ഇബ്നു സുവൈദിനെ വിളിച്ചുകൊണ്ടു വരുവാന്‍ ആളയച്ചിട്ടു ബാലന്‍ ഉമൈറിനെ പള്ളിയിലിരിക്കുവാന്‍ പറഞ്ഞു നബി (സ:)
           ഉടനെത്തന്നെ അവിടെ എത്തിച്ചേര്‍ന്നു ജുലാസ് . നബി (സ:)ക്ക് സലാം പറഞ്ഞശേഷം അവരുടെ മുന്നിലിരുന്നു . 'ഉമൈര്‍ ഇബ്നു സഅദ് നിങ്ങളെക്കുറിച്ച് ഇങ്ങിനെ പറയുന്നുവല്ലോ' എന്ന് അന്വേഷിച്ചു  നബി (സ:)

           അള്ളാഹുവിന്റെ റസൂലേ ! ഉമൈര്‍ നുണയാണ് പറയുന്നത് . ഇത് വളരെനന്നായി മെനഞ്ഞെടുത്ത ഒരു കഥയാണ് . ഇങ്ങിനെയൊരു അപവാദം ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല . എന്ന് കരണം മറിഞ്ഞു ജുലാസ് .

           ഉമൈരിനേയും , ജുലാസിനെയും മാറിമാറി നോക്കികൊണ്ടിരുന്നു സഹാബാക്കള്‍ . ആരുടെ മുഖത്താണ് സത്യത്തിന്റെ പ്രകാശം തെളിയുന്നത് . കാപട്യം മറഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്തുവാനുള്ള ശ്രമത്തില്‍ അവര്‍ക്കിടയില്‍ വാദപ്രതിവാദം നടന്നുകൊണ്ടിരുന്നു . സഹാബികള്‍ക്കിടയില്‍ ചില മുനാഫിക്കുകളും ഉണ്ടായിരുന്നു . അവരിലൊരാള്‍ ഉമൈറിനെ നോക്കി 'നന്ദിയില്ലാത്ത കുട്ടി . തന്നെ പോറ്റി വളര്‍ത്തിയ തന്റെ വളര്‍ത്തച്ഛന് നല്‍കിയ പ്രത്യുപകാരം എന്താണെന്ന് കണ്ടില്ലേ ?' എന്ന് വിളിച്ചുപറഞ്ഞു . തങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിതച്ച വിഷവിത്ത് ജുലാസിന്റെ മനസ്സിലും വേരൂന്നിയ സന്തോഷമായിരുന്നു അവര്‍ക്ക് .

           'ഇല്ല അള്ളാഹുവിനെ പേടിയുള്ളവനാണ് ഈ ബാലന്‍ . നോക്കൂ ! അവന്റെ മുഖത്തുകാണുന്ന സത്യത്തിന്റെ പ്രകാശകിരണങ്ങളെ ' എന്ന് പറഞ്ഞു മറ്റു സഹാബികള്‍ . നബി (സ:) ഉമൈറിനെ നോക്കി . മുഖം ചുവന്നുതുടുത്ത് , കണ്ണുകളില്‍ നിന്നോഴുകിവന്ന കണ്ണുനീര്‍ നെഞ്ചിലേക്ക് ഇറ്റിറ്റ് വീണു കൊണ്ടിരുന്നു .അയാളുടെ ചുണ്ടുകള്‍ മുറുമുറുത്തു കൊണ്ടിരുന്നു . 'യാ അല്ലാഹ് ! ഞാന്‍ പറഞ്ഞത് സത്യമാണെന്ന് നിന്‍റെ രസൂലിന്ന് അറിയിച്ചു കൊടുക്കേണമേ !'.

           ജുലാസ് നബി (സ:)യോട് അല്‍പ്പംകൂടി ചേര്‍ന്നിരുന്നു . അള്ളാഹുവിന്റെ റസൂലേ ! അല്ലാഹുവിനെ  കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു . ഉമൈര്‍ അങ്ങയോട് പറഞ്ഞ കാര്യങ്ങളൊന്നും തന്നെ ഞാന്‍ പറഞ്ഞിട്ടില്ല . ഞാന്‍ അങ്ങയോട് പറയുന്നതാണ് സത്യം . താങ്ങള്‍ അനുവാദം തരികയാണെങ്കില്‍ ഞങ്ങള്‍ രണ്ടുപേരും താങ്ങളുടെ മുമ്പാകെ സത്യം ചെയ്തുകൊള്ളാം .

           അപ്പോള്‍ അതുസംഭവിച്ചു !, ജുലാസ് എന്ത് പ്രതീക്ഷിച്ചില്ലയോ അത് സംഭവിച്ചു . ഉമൈര്‍ എന്തിനു വേണ്ടി പ്രാര്‍ഥിച്ചുവോ അത് ഫലിച്ചു . നബി (സ:)ക്ക് വഹിയുണ്ടായി . വഹിയുടെ സമയത്ത് നബി (സ:)ക്ക് ഉണ്ടാവുന്ന അവസ്ഥയെ കുറിച്ച് സഹാബികള്‍ക്ക് അറിയാവുന്നതുകൊണ്ട് ആ സാഹചര്യം മനസ്സിലാക്കി എല്ലാവരും നിശ്ശബ്ദരായി നബി (സ:)യെ നോക്കികൊണ്ടിരുന്നു . ജുലാസിന്റെ മനസ്സില്‍ ഭയവും , അശ്വസ്ഥതയും കൂടുകൂട്ടുവാന്‍ തുടങ്ങി . അത് ശരീരമാസകലം വ്യാപിക്കുവാന്‍ തുടങ്ങി . ഉമൈര്‍ പ്രതീക്ഷയോടു കൂടി നോക്കികൊണ്ടിരുന്നു . അള്ളാഹു തനിക്കവതരിപ്പിച്ചു തന്ന സന്ദേശത്തെ അറിയിച്ചുകൊടുത്തു നബി (സ:)

           "ദൈവ നിഷേധത്തിന്റെതായ വാക്കുകള്‍ അവര്‍ പറഞ്ഞിരുന്നിട്ടും (അങ്ങിനെ ) പറഞ്ഞിട്ടില്ല എന്ന് അള്ളാഹുവിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു . ഇസ്ലാം സ്വീകരിച്ചശേഷം സത്യനിഷേധികളായി . തങ്ങളെ കൊണ്ട് ചെയ്യുവാന്‍ സാധ്യമല്ലാത്ത കാര്യങ്ങള്‍ക്ക്  തുനിയുകയും ചെയ്തു . അള്ളാഹുവും , റസൂലും അവന്റെ അനുഗ്രഹം മുഖേന അവര്‍ക്ക് സുഭിക്ഷത നല്കിയതിനായല്ലാതെ (മറ്റൊന്നിനായും ) അവരെ കുറ്റപ്പെടുത്തുവാന്‍ മുതിര്‍ന്നില്ല . അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണ്‌ അവര്‍ക്ക് നന്മയായ് തീരുക . അവര്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവര്‍ക്ക് നോവേറിയ ശിക്ഷനല്‍കും . ഭൂമിയിലും അവര്‍ക്ക് ഒരു രക്ഷകനോ , സഹായിയോ ഉണ്ടാവുകയുമില്ല" .

          പരിശുദ്ധ ഖുര്‍ആനിലെ ഒന്‍പതാമത്തെ അദ്ധ്യായമായ അത്തൌബയിലെ എഴുപത്തിനാലാമതായ ആ ദൈവ വചനം . 'അത്രതന്നെ തര്‍ക്കം അവസാനിച്ചു . ഇതില്‍ കൂടുതല്‍ മറയ്ക്കുവാനായി ഒന്നും തന്നെയില്ല . ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ എന്തെങ്കിലും സാധ്യതയുണ്ട് എങ്കില്‍ അത് പരിപൂര്‍ണ്ണമായ കീഴടങ്ങല്‍ മാത്രമാണ് എന്ന് മനസ്സിലായി ജുലാസിന് . അത്രത്തോളമെങ്കിലും അയാള്‍ക്ക്‌ വീണ്ടുവിചാരം ഉണ്ടായത് അയാളുടെ ഭാഗ്യം .

           നബി (സ:)യെ നോക്കി 'അള്ളാഹുവിന്റെ റസൂലേ ഞാന്‍ വളരെയധികം ഖേദിക്കുന്നു . മാപ്പ് ചോദിക്കുന്നു . ഉമൈര്‍ താങ്ങളോടു പറഞ്ഞത് മുഴുവനും സത്യമാണ് . ഞാന്‍ തന്നെയാണ് നുണ പറഞ്ഞത് . എനിക്കുള്ള പശ്ചാതാപത്തെ കണക്കിലെടുത്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം . എന്റെ ജീവന്‍ താങ്ങള്‍ക്ക്‌ അര്‍പ്പണമായി തീരട്ടെ !'

           നബി (സ:) ഇപ്പോള്‍ വീണ്ടും ഉമൈറിനെ നോക്കി . വീണ്ടും ആ ബാലന്റെ കണ്ണുകളില്‍ കണ്ണുനീര്‍ . എന്നാല്‍ ഇപ്പോഴത്‌ സന്തോഷം കൊണ്ടാണെന്ന് മാത്രം . മുഖത്തൊരു തെളിച്ചം . ഉമൈരിന്റെ കാതില്‍ അരുമയോടെ പിടിച്ചു നബി (സ:). 'കുഞ്ഞേ നിന്‍റെ കാതുകള്‍ അവയുടെ കടമ നിറവേറ്റിയിരിക്കുന്നു . നിന്റെ നാഥന്‍ നിനക്ക് നീതിനല്‍കി '.

           ജുലാസിന്റെ പക്ഷാതാപം വെറും വാക്കുകളിലൊതുങ്ങാതെ അയാളുടെ മനസാന്തരം സാര്‍ത്ഥകമായി തീര്‍ന്നു . അദ്ദേഹത്തിന്റെ ഭാവിജീവിതം സത്യമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാത്ത ഒന്നായിരുന്നു . മാത്രമല്ല ഉമൈരിനോടുള്ള സ്നേഹ വാത്സല്യങ്ങള്‍ മുന്‍പത്തേക്കാളും അധികരിക്കുകയും ചെയ്തു . ഉമൈറിനെ കുറിച്ച് ആരെങ്കിലും തന്നോട് ചോദിച്ചാല്‍ അഭിമാനത്തോടുകൂടി അദ്ദേഹം പറയുമായിരുന്നു . 'അല്ലാഹു എന്നെകൊണ്ടും മേലും അവര്‍ക്ക് നന്മവരുത്തട്ടെ . എന്നെ ദൈവനിന്ദയില്‍ നിന്നും രക്ഷിച്ച് നരകത്തീയില്‍ നിന്നും മോചിപ്പിച്ചവനാണ് ഉമൈര്‍ 'എന്ന് . ആ വാക്കുകളില്‍ ആത്മഹര്‍ഷം മുറ്റിനിന്നിരുന്നു .

                                                                            (തുടരും ....)

       (ഇന്‍ഷാ അല്ലാഹ് ഇതിന്റെ തുടര്‍ച്ച രണ്ടാം ഭാഗത്തില്‍ വായിക്കാം )
          
        
                               



No comments:

Post a Comment