Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Wednesday, 18 September 2013

തൊപ്പി ഒരവലോകനം

بِسْمِ اللَّهِ آلرَّحْمآنِرَّحِيمْ


തൊപ്പി ഒരവലോകനം  


                    മുസ്ലീങ്ങളാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ തൊപ്പി ഒരു പ്രധാനപ്പെട്ട അടയാള ചിഹ്ന­മായി കരുതിവരുന്നു. തൊപ്പി തന്നെയാണു ഇസ്ലാമിന്‍റെ അടയാളം എന്നുപോലും ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും വിശ്വസിച്ച് അതിനെ പ്രാവര്‍ത്തികമാക്കി വരുന്നു. ഇസ്ലാം മര്‍ഗ്ഗത്തിലെ മറ്റു കടമകളെക്കാളും തൊപ്പി മുസ്ലീങ്ങള്‍ക്കിടയില്‍ പ്രാധാന്യമര്‍ഹിച്ചു വരുന്നു.
 പ്രത്യേകിച്ച് നിസ്ക്കാര സമയങ്ങളില്‍ ഒരാള്‍ തൊപ്പി അണിഞ്ഞിട്ടില്ലാ എങ്കില്‍, അയാള്‍ നിസ്ക്കരിക്കുവാന്‍ തന്നെ അര്‍ഹനല്ല എന്ന വിധത്തിലാണു ജനങ്ങളും ആലിമീങ്ങളും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെയാണു 'തൊപ്പി അണിയാതെ നമസ്ക്കരിക്കുവാന്‍ പാടില്ല !" എന്ന താക്കീത് പല പള്ളികളിലും പ്രവേശന കവാടത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
 പോരാതെ, ചില പള്ളികളില്‍ റെഡിമൈഡ് തൊപ്പികള്‍ വാങ്ങി വെക്കുകയും ചെയ്യുന്നുണ്ട്. ഇവരെല്ലാവരും ഇത്രത്തോളം പ്രാധാന്യം നല്‍കുന്ന തൊപ്പിക്ക് , അള്ളാഹു പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ടോ ? , നബി(സ:അ) പ്രാധാന്യം നല്‍കിയിട്ടുണ്ടോ ? , ഉണ്ടെങ്കില്‍ അതിനെന്തെങ്കിലും തെളിവുകള്‍ ഉണ്ടോ ? എന്നു പരിശോധിക്കാം
 വിശുദ്ധ ഖുര്‍ ആനില്‍ തെളിവുകളില്ല .
 ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട കടമയായി കരുതപ്പെടുന്ന തൊപ്പി ധരിക്കുന്നതിനെ സംബന്ധിച്ച് പരിശുദ്ധ ഖുര്‍ ആന്‍ എന്താണു പറയുന്നത് ?. തൊപ്പി ധരിക്കുന്നതിനെ നിര്‍ബന്ധമാക്കിയോ , പ്രാത്സാഹിപ്പിച്ചോ വിശുദ്ധ ഖുര്‍ ആനില്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്നത് തന്നെയാണു അതിനുള്ള മറുപടി.
 തൊപ്പി ധരിക്കുവാന്‍ നിര്‍ബന്ധിക്കുന്നത് ഒരു ഭാഗത്തിരിക്കട്ടെ, തൊപ്പിയെ സൂചിപ്പിക്കുവാന്‍ അറബി ഭാഷയില്‍ ധാരാളം വക്കുകള്‍ ഉണ്ടായിട്ടും , അവയില്‍ ഒന്നുപോലും ഖുര്‍ ആനില്‍ സൂചിപ്പിച്ചിട്ടില്ല. തൊപ്പി എന്ന വാക്കുതന്നെ ഖുര്‍ ആനില്‍ ഇല്ലാ എന്നത് നിഷേധിക്കുവാന്‍ പറ്റാത്ത സത്യമാണു.
 തൊപ്പി അണിയുന്നത് തന്നെയാണു ഇസ്ലാമിന്റെ അടയാളം എന്നാണെങ്കില്‍, അതിനെ കുറിച്ച് അള്ളാഹു തന്റെ വേദത്തില്‍ പറയാതെ വിട്ടുപോയിരിക്കുകയില്ല.
 നബി ചര്യയില്‍ തെളിവുകള്‍ ഉണ്ടോ?
മറ്റു സമയങ്ങളില്‍ തൊപ്പി ധരിച്ചില്ലെങ്കിലും നിസ്ക്കാരത്തില്‍ തൊപ്പി ധരിക്കണം എന്നുതന്നെയാണു ഭൂരിപക്ഷം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍ നമസ്ക്കരിക്കുമ്പോള്‍ തൊപ്പി നിര്‍ബന്ധമാണെന്ന് പറയുന്ന ഒരു ഹദീസെങ്കിലും കാണുവന്‍ സാധ്യമല്ല. നമസ്ക്കാരത്തിലോ , മറ്റു സന്ദര്‍ഭങ്ങളിലോ തൊപ്പി ധരിക്കേണ്ടത് ആവശ്യമാണെന്നോ, അത് നല്ലതാണെന്നോ നബി(സ:അ) പറഞ്ഞിട്ടുള്ളതായി ഒരു തെളിവും ഇല്ല.
കൂടുതലായി പറയുകയാണെങ്കില്‍ നബി(സ:അ) നമസ്ക്കാരത്തിലും ശരി, മറ്റു സന്ദര്‍ഭങ്ങളിലും ശരി തൊപ്പി ധരിക്കാതെ ഇരുന്നിട്ടുണ്ട് എന്നുള്ളതിന്ന് പല തെളിവുകളും ഉണ്ട്.
 (ഒരു ദിവസം) നമസ്ക്കാരത്തിനായി ഇക്കാമത്ത് പറയുകയും , സ്വഫ്ഫുകള്‍ നേരെയാക്കുകയും ചെയ്യപ്പെട്ടു. നബി(സ:അ) വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു. നമസ്ക്കാരത്തിനായി അവരുടെ സ്ഥാനത്ത് ചെന്ന് നില്‍ക്കുകയും കുളി നിര്‍ബന്ധമായത് ഓര്‍മ്മ വരികയാല്‍ ഞങ്ങളെ നോക്കി നിങ്ങളുടെ സ്ഥാനങ്ങളില്‍ തന്നെ നില്‍ക്കുക  എന്ന് പറഞ്ഞിട്ട് (വീട്ടിലേക്ക്) പോവുകയുണ്ടായി. പിന്നീട് അവര്‍ കുളികഴിഞ്ഞ് തലയില്‍ നിന്നും വെള്ളം ഇറ്റുവീഴുന്ന സ്ഥിതിയില്‍ വരികയും, തക്ബീര്‍ പറഞ്ഞ് നമസ്ക്കാരം നടത്തുകയും ചെയ്തു . ഞങ്ങള്‍ അവരോടൊപ്പം നിസ്ക്കരിച്ചു. അറിയിക്കുന്നത് : അബൂഹുറൈറ(റളി) ബുഖാരി ; 275
 ബുഖാരി ; 571 ല്‍ പറയുന്നു;
 ....അപ്പോള്‍ നബി(സ:അ) തങ്ങളുടെ തലയില്‍ നിന്നും വെള്ളം ഇറ്റുവീഴുന്ന നിലയില്‍ തങ്ങളുടെ കൈ തലയില്‍ വെച്ച് വെള്ളം വടിച്ചു കളയുന്നവരായി പുറത്തേക്ക് വരുന്നതിനെ ഇന്നും ഞാന്‍ കാണുന്ന പോലുണ്ട് .  അറിയിക്കുന്നത് ; ഇബ്നു അബ്ബാസ്(റളി)
നബി(സ:അ) തങ്ങളുടെ വീട്ടില്‍നിന്നും കുളികഴിഞ്ഞു വരുമ്പോല്‍ അവരുടെ തലയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. മാത്രമല്ല അവര്‍ തങ്ങളുടെ കൈ തലയില്‍ വച്ചുകൊണ്ടാണു പുറത്ത് വന്നിരുന്നത്. നബി(സ:അ) തൊപ്പി ധരിച്ചിരുന്നുവെങ്കില്‍ അവരുടെ കൈ തൊപ്പിയുടെ മുകളില്‍ വെച്ചുകൊണ്ട് വന്നിരുന്നുവെന്ന് നബിസഹാബാക്കള്‍ സൂചിപ്പിച്ചിട്ടുണ്ടാവുമായിരുന്നു . അങ്ങിനെ പറയാത്തതുകൊണ്ട് നബി(സ:അ) വെരും തലയോടു കൂടിതന്നെയാണു നമസ്ക്കരിപ്പിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. മാത്രമല്ല, ആരുംതന്നെ തലയില്‍നിന്നും വെള്ളമിറ്റുവീഴുന്ന നിലയില്‍ തൊപ്പിയണിഞ്ഞുകൊണ്ട് വരികയില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്!.
 നബി(സ:അ) തൊപ്പി ധരിക്കാതെ തലപുറത്ത് കാണുന്ന നിലയില്‍ തന്നെയാണു അധികസമയവും കഴിഞ്ഞിരുന്നത് എന്ന് താഴെക്കാണുന്ന ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
 'നബി(സ:അ) തലചീകി രണ്ട് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അപ്പോള്‍ അവരെക്കാളും സൗന്ദര്യമുള്ള ഒരാളെ അതിനു മുന്‍പും പിന്നീടും ഞാന്‍ കണ്ടിരുന്നില്ല" .  അറിയിക്കുന്നത്; ബറാ(റളി) നസയീ : 5219
 നബി(സ:അ) എപ്പോഴും തൊപ്പി ധരിക്കുന്നവരായിരുന്നു എങ്കില്‍ അവര്‍ തലചീകിയിരുന്നുവോ? , ഇല്ലയോ? എന്നറിയുവാന്‍ സാധ്യമുണ്ടായിരുന്നില്ല. നബി(സ:അ) തലചീകിയിരുന്നു എന്ന വാചകം നബി(സ:അ)യുടെ തല ഒന്നും ധരിക്കാത്ത അവസ്ഥയില്‍ പുറത്ത് കാണുന്ന വിധമായിരുന്നു എന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
 ' ഞാന്‍ അനസ്(റളി)നോട് , നബി(സ:അ)യുടെ തലമുടി എങ്ങിനെയായിരുന്നു ?  എന്ന് ചോദിച്ചു . അതിനു അദ്ദേഹം അവരുടെ തലമുടി അലയലയായിരുന്നു. ചുരുല്‍മുടിയായിട്ടുമല്ല , പതിഞ്ഞമുടിയായിട്ടുമല്ല . അത് അവരുടെ കാതിനും, തോളിനും ഇടയ്ക്ക് തൊങ്ങിക്കിടന്നിരുന്നു. എന്ന് മറുപടി നല്‍കി. അറിയിക്കുന്നത് ; കത്താതാ(റളി) മുസ്ലീം : 4666
 നബി(സ:അ)യുടെ തലമുടി അലപോലെയായിരുന്നു. ചുരുണ്ടതുമല്ല, പതിഞ്ഞതുമല്ല എന്ന് പറയുകയാണെങ്കില്‍ തൊപ്പി ധരിക്കാതെ തല പുറത്ത് കാണുന്ന അവസ്ഥയില്‍ ആയിരുന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അതിനെക്കുറിച്ച് പറയുവാന്‍ സാധിക്കുകയുള്ളൂ.
 ' ജാബിര്‍ ബിന്‍ സമൂറ(റളി)യോട് നബി(സ:അ)യുടെ നരച്ച  മുടിയെക്കുറിച്ച്  അന്വേഷിക്കുകയുണ്ടായി . അതിന്ന് അദ്ദേഹം,  നബി(സ:അ) അവരുടെ തലയില്‍ എണ്ണ തേച്ചിരിക്കുമ്പോല്‍ നരച്ച ഒരു മുടിപോലും കാണുവാന്‍ സാധിക്കുകയില്ല. അവര്‍ എണ്ണ തേക്കാതിരിക്കുമ്പോല്‍ ചില നരച്ച  മുടികള്‍ പുറത്തുകാണുന്നുണ്ടാവും  എന്ന് പറയുകയുണ്ടായി".  അറിയിക്കുന്നത് ; സിമാക്ക് ബിന്‍ ഹര്‍ബ് , മുസ്ലീം : 4680
നബി(സ:അ) എണ്ണ തേച്ചിരിക്കുമ്പോഴും, തേക്കാതെയിരിക്കുമ്പോഴും തലയെ തൊപ്പികൊണ്ട് മറയ്ക്കാതെയാണിരുന്നത് എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.
 ' നബി(സ:അ)യുടെ തലയിലും, താടിയിലും ഇരുപത് നരച്ച  മുടികള്‍ പോലും ഇല്ലാത്ത അവസ്ഥയില്‍ അള്ളാഹു അവരെ മരിപ്പിച്ചു"  അറിയിക്കുന്നത്; അബൂ ഹുറൈറ(റളി) , ബുഖാരി : 3548
 താടിയില്‍ ഉള്ള നരച്ച  മുടി എത്രയാണെന്ന് പറയുവാന്‍ തക്കവിധം എങ്ങിനെ താടി മറയ്ക്കാതെയിരുന്നുവോ, അങ്ങിനെതന്നെയാണു തലയും മറയ്ക്കാതെയിരുന്നത് എന്ന വിവരം ഇതില്‍നിന്നും മനസ്സിലാക്കാം.
 'നബി(സ:അ) തങ്ങളുടെ മുടിയെ (നെറ്റിയുടെ മേല്‍) തൂക്കിയിടുന്ന സ്വഭാവമുള്ളവരായിരുന്നു. ദൈവ നിഷേധികള്‍ തങ്ങളുടെ തലമുടിയെ രണ്ടായി പകുത്ത്(നെറ്റിയില്‍ വീഴാതെ രണ്ടുഭാഗത്തും) തൂക്കിയിട്ടിരുന്നു. നബി(സ:അ) ഏതുവിഷയങ്ങളില്‍ തങ്ങള്‍ക്ക് അള്ളാഹുവില്‍ നിന്നും കല്‍പ്പനകള്‍ ഒന്നും വന്നിരുന്നില്ലയോ , ആ വിഷയങ്ങളില്‍ വേദക്കാരുമായി ഒത്തുപോകുവാന്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട്, നബി(സ:അ) തങ്ങളുടെ (തല)മുടിയെ (രണ്ടു ഭാഗത്തേക്കും)പകുത്ത് ചീകുകയുണ്ടായി "   അറിയിക്കുന്നത് ; ഇബ്നു അബ്ബാസ്(റളി) , ബുഖാരി : 3558
നബി(സ:അ)ക്ക് എത്ര നരച്ച മുടികള്‍ ഉണ്ടായിരുന്നു ? എങ്ങിനെ പകുത്ത് ചീകിയിരുന്നു ? എന്നീ കാര്യങ്ങളെല്ലാം അറിയിക്കണമെങ്കില്‍ അവരുടെ തല പുറത്ത് കാണുന്ന അവസ്ഥയില്‍ ആയിരിക്കണം എന്നകാര്യം സാധാരണഗതിയില്‍ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.
നബി(സ:അ) മാത്രമല്ലാതെ നബി സഹാബാക്കളും കൂടി തലമറയ്ക്കാത്തവരായി തന്നെയാണു മിക്കസന്ദര്‍ഭങ്ങളിലും ഇരുന്നിട്ടുള്ളത് എന്നതിന്നും ധാരാളം തെളിവുകള്‍ ഉണ്ട്.
 ഞാന്‍ നീട്ടിവളര്‍ത്തിയ മുടിയോടുകൂടി നബി(സ:അ)യുടെ അടുക്കലേക്ക് ചെല്ലുകയുണ്ടായി. അപ്പോള്‍ അവര്‍ ആക്ഷേപിക്കുന്ന വിധത്തില്‍ ഒരു വാക്ക് പറഞ്ഞു. ഉടനെ ഞാന്‍ ചെന്ന് എന്റെ മുടി മുറിച്ചശേഷം വന്നു. അപ്പോള്‍ നബി(സ:അ) , ഞാന്‍ നിന്നെ പറഞ്ഞതല്ല, എന്നാലും ഇത് (മുന്‍പത്തെക്കാളും) നന്നായിരിക്കുന്നു' എന്നു പറഞ്ഞു.    അറിയിക്കുന്നത് ; വായില്‍ ബിന്‍ ഹുജര്‍ , നസയീ : 4980 , അബൂ ദാവൂദ് : 3658
പ്രധാനപ്പെട്ട മാര്‍ഗ്ഗ പന്ധിതന്മാരുടെ അടുക്കല്‍ ചെല്ലുമ്പോള്‍ തൊപ്പി ധരിച്ചു കൊണ്ട് മാത്രമേ പോകാവൂ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ നബി(സ:അ)യുടെ സമക്ഷത്തില്‍ ഒരു സഹാബി തലമറയ്ക്കാത്ത നിലയില്‍ ഇരുന്നിരിക്കുന്നു. മുടി വെട്ടിക്കളയുന്നതിന്ന് മുന്‍പും, വെട്ടിക്കളഞ്ഞ ശേഷവും തലമറയ്ക്കാതെ നബി(സ:അ)യുടെ മുന്‍പില്‍ അവര്‍ വന്നപ്പോഴും തൊപ്പി ധരിച്ചുകൊണ്ട് വന്നിരിക്കരുതോ എന്ന് നബി(സ:അ) ചോദിക്കുകയുണ്ടായില്ല.
പരട്ടത്തലയോടു(ഒതുങ്ങി നില്‍ക്കാത്ത തലമുടി)കൂടി ഒരു മനുഷ്യനെ നബി(സ:അ) കാണുകയുണ്ടായി. അപ്പോള്‍ഇവര്‍ക്ക് തന്റെ മുടിയെ ഒതുക്കി വെക്കുവാന്‍ കഴിയുന്ന ഒരു സാധനത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ലയോഎന്ന് ചോദിക്കുകയുണ്ടായി.     അറിയിക്കുന്നത്; ജാബിര്‍(റളി) , നസയീ : 5141 , അബൂ ദാവൂദ് : 3540
 തൊപ്പി തന്നെയാണു പ്രാധാന്യമുള്ളത് എന്നായിരുന്നുവെങ്കില്‍, നബി(സ:അ) നിനക്ക് ധരിക്കുവാന്‍ ഒരു തൊപ്പി കിട്ടിയില്ലയോ എന്ന് അയാളോട് ചോദിച്ചിരിക്കുമായിരുന്നു.
 ' മക്കാ വിജയത്തിന്റെ ദിവസം (അബൂബക്കരിന്റെ പിതാവ്)അബൂകുഹാഫായെ (നബി(സ:അ)യുടെ അടുക്കല്‍)കൊണ്ടു വരികയുണ്ടായി. അവരുടെ തലമുടിയും താടിയും തുമ്പപ്പൂവിനെ പോലെ വെളുത്ത നിറമുള്ളതായിരുന്നു. അപ്പോള്‍ നബി(സ:അ), ഇതിനെ(വെളുത്ത നിറത്തെ) എന്തെങ്കിലും(ചായം) കൊണ്ട് മാറ്റുക. കറുത്ത നിറത്തെ ഒഴിവാക്കി കൊള്ളുക  എന്ന് പറയുകയുണ്ടായി.    അറിയിക്കുന്നത് ; ജാബിര്‍(റളി) , മുസ്ലിം : 4270
പരട്ടത്തലയോടു കൂടിയും, തല ചീകിയൊതുക്കാതെയും, വെളുത്ത മുടിയോടുകൂടിയും എന്നിങ്ങനെ പല നബി സഹാബാക്കള്‍ നബി(സ:അ)യുടെ മുന്‍പില്‍ വന്നിട്ടുള്ളപ്പോഴും എണ്ണ തേച്ച് ചീകിയൊതുക്കുവാന്‍ പറഞ്ഞതല്ലാതെ, തൊപ്പി ധരിച്ചുകൊണ്ടു വരുവാന്‍ പറയുകയുണ്ടായില്ല എന്ന കാര്യം ശ്രദ്ധിക്കുക.
 " ഷരീക്ക് ഒരു ജനാസാ നമസ്ക്കാരം നിര്‍വഹിക്കുമ്പോള്‍ തങ്ങളുടെ തൊപ്പിയഴിച്ച്  മുന്നില്‍ വെച്ചുകൊണ്ട് നിസ്ക്കാരം നിര്‍വഹിച്ചതായി പറയപ്പെടുന്നു'    അബൂ ദാവൂദ് : 592
 നിസ്ക്കാരത്തിന്ന് മുന്‍പ് ധരിച്ചിരുന്ന തൊപ്പിയെ നിസ്ക്കരിക്കുമ്പോള്‍ അഴിച്ചു വെക്കുകയുണ്ടായി എന്നതില്‍ നിന്നും , അന്നത്തെ കാലത്ത് തൊപ്പി നമസ്ക്കാരവുമായി ഒരു ബന്ധവുമില്ലാത്ത സാധാരണ വസ്ത്രധാരണ രീതി മാത്രമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.
 'ജാബിര്‍(റളി) തങ്ങളുടെ കീഴ് വസ്ത്രത്തെ (കഴുത്തറ്റം വരെ ഉയര്‍ത്തി) കെട്ടിക്കൊണ്ട് നിസ്ക്കരിച്ചിരുന്നു. അവരുടെ കൂടുതലുള്ള വസ്ത്രം മരച്ചട്ടത്തിനു മുകളില്‍ വച്ചിരുന്നു. അപ്പോള്‍ ഒരാള്‍ , ഒരു വസ്ത്രം അണിഞ്ഞുകൊണ്ടാണോ നമസ്ക്കരിക്കുന്നത് ?  എന്ന് ചോദിച്ചു. അതിന്ന് ജാബിര്‍(റളി) ,  നിന്നെ പോലുള്ള വിവരമില്ലാത്തവര്‍ എന്നെ കാണണമെന്നു തന്നെയാണു ഞാന്‍ ഇങ്ങിനെ ചെയ്തത്. നബി(സ:അ)യുടെ കാലത്ത് ഞങ്ങളില്‍ ആര്‍ക്കാണു രണ്ടു വസ്ത്രമുണ്ടായിരുന്നത് ?  എന്ന് മറുപടി നല്‍കുകയുണ്ടായി".   ബുഖാരി : 352
നബി(സ:അ)യുടെ കാലത്ത് തൊപ്പി പോലുള്ള ഉപരിയായ വസ്ത്രങ്ങള്‍ പലരുടേയും പക്കല്‍ ഉണ്ടായിരുന്നില്ല എന്നതിന്നും , പുരുഷന്മാര്‍ തല മറക്കേണ്ടത് നിര്‍ബന്ധമല്ല എന്നതിന്നും ഇത് കൂടുതല്‍ തെളിവായി നിലകൊള്ളുന്നു.
 'ജാബിര്‍ ബിന്‍ അബ്ദുള്ളാഹ്(റളി) ഒരേയൊരു വസ്ത്രമണിഞ്ഞ് നിസ്ക്കരിച്ചിരുന്നു. നബി(സ:അ) ഒരേയൊരു വസ്ത്രമണിഞ്ഞ് നിസ്ക്കരിച്ചതിനെ ഞാന്‍ കണ്ടിരുന്നു എന്നും പറയുകയുണ്ടായി"    ബുഖാരി : 353
 'അരയ്ക്കു മുകളില്‍ ഒരു വസ്ത്രവും , അരയ്ക്കു താഴെ ഒരു വസ്ത്രവും എന്ന് രണ്ട് വസ്ത്രങ്ങള്‍ അണിയാതെ , രണ്ടിനും കൂടി ഒരു വസ്ത്രം മാത്രം ധരിച്ച് നബി(സ:അ) നിസ്ക്കരിച്ചിരുന്നു എന്നതില്‍ നിന്നും അവര്‍ തലമറയ്ക്കാതെ നമസ്ക്കരിച്ചിട്ടുള്ളത് വ്യക്ത്തമാവുന്നു.
 അതൊരു വസ്ത്രധാരണ വഴക്കം എന്ന രീതിയില്‍ ആഗ്രഹിക്കുന്നവര്‍ തൊപ്പിയണിയുന്നതില്‍ തെറ്റില്ല. നമസ്ക്കാരത്തിലോ , അല്ലാത്ത സമയങ്ങളിലോ അങ്ങിനെയൊരാള്‍ തൊപ്പി ധരിക്കുന്നതിനെ തടയുവാന്‍ ആര്‍ക്കും അധികാരമില്ല.
അത്പോലെതന്നെ ഒരാള്‍ നമസ്ക്കാരത്തിലോ , അല്ലാത്ത സമയങ്ങളിലോ തൊപ്പി ധരിക്കാതിരിക്കുകയാണെങ്കില്‍ അയാളെ അതിനു നിര്‍ബന്ധിക്കുവാണോ , പ്രോത്സാഹിപ്പിക്കുവാണോ ആര്‍ക്കും അധികാരമില്ല.
 തലയെ മറയ്ക്കുവാന്‍ ഉപരിയായ വസ്ത്രമുണ്ടായിട്ടും , വേണമെന്നു തന്നെ തലമറയ്ക്കാതെ സഹാബാക്കള്‍ നിസ്ക്കരിച്ചിട്ടുണ്ട് എന്നുള്ളതിന്നും തെളിവുകള്‍ കിട്ടുവാനുണ്ട്.
 തൊപ്പി ധരിക്കുവാന്‍ അള്ളാഹുവോ , അവന്റെ രസൂലോ പറഞ്ഞിട്ടുണ്ട് എന്നുള്ളതിന്ന് തെളിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് , തൊപ്പി ധരിക്കുന്നത് മാര്‍ഗ്ഗവുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല എന്ന് സംശയത്തിനിടമില്ലാതെ മനസ്സിലാക്കുവന്‍ കഴിയും.
തൊപ്പി കടമയാണെന്ന് പറയുന്നവര്‍ നിരത്തുന്ന തെളിവുകള്‍

തൊപ്പി ധരിക്കുന്നത് കടമയാണെന്നു വാദിക്കുന്നവര്‍ ചില തെളിവുകളെ എടുത്തു കാട്ടുന്നുണ്ട് . അവയില്‍ ചിലത് ബലഹീനമായിട്ടുള്ളവയാണ് .
മറ്റു ചില തെളിവുകള്‍ അവരുടെ തന്നെ അഭിപ്രായത്തെ അംഗീകരിക്കുന്ന വിധത്തിലുമല്ല .
ബാക്കിയുള്ളവ അവരുടെ വാദങ്ങള്‍ക്ക് എതിരായിട്ടാണ് നിലകൊള്ളുന്നതും .അവര്‍ നിരത്തുന്ന ഓരോ തെളിവിനേയും നമുക്ക്പരിശോദിക്കാം .
തൊപ്പി ധരിക്കുന്നത് ആവശ്യമാണ്‌ എന്നതിന്ന്‍ അവര്‍ താഴെക്കാണുന്ന ഹദീസിനെ ആദാരമായി മുന്നില്‍ വെക്കുന്നു .
......അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജീവത്യാഗം ചെയ്തവര്‍ക്ക് കിയാമത് നാളില്‍ കിട്ടുന്ന പദവികളെ ജനങ്ങള്‍ തങ്ങളുടെ തലകളെ ഉയര്‍ത്തി നോക്കുന്നുണ്ടാവും " എന്ന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം തങ്ങളുടെ തലയെ ഉയര്‍ത്തിക്കാട്ടുകയുണ്ടായി . അപ്പോള്‍ അവരുടെ തൊപ്പി താഴെ വീഴുകയുണ്ടായി........അവരുടെ തൊപ്പി എന്നുള്ളത് നബി(:)യുടെ തൊപ്പിയാണോ ? അതല്ല ഉമര്‍(റളി)ന്‍റെ തൊപ്പിയാണോ ? എന്നത് എനിക്കറിയില്ല " എന്ന്‍ ഈ ഹദീസിനെ അറിയിക്കുന്നവര്‍ സംശയത്തിനിടമുള്ള വിധത്തില്‍ അറിയിച്ചിരിക്കുന്നു .         തിര്‍മിദി 1568 , അഹമദ് 145 എന്നീ ഗ്രന്ഥങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് .

ദൌര്‍ബല്യമായ രണ്ട് അംശങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു . സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന ഉയര്‍ന്ന പദവികളെ ജനങ്ങള്‍ തലയുയര്‍ത്തി നോക്കും എന്ന്‍ നബി(:) പറയുകയുണ്ടായി . അങ്ങിനെ പറയുന്നതോടൊപ്പം അവര്‍ തലയുയര്‍ത്തി ആംഗ്യം മൂലം കാണിക്കുകയും ചെയ്തു . ഇതിനെ ഉമര്‍(റളി) പറയുമ്പോള്‍ അദ്ദേഹവും തങ്ങളുടെ തലയെ ഉയര്‍ത്തി മുകളിലേക്ക് നോക്കി ഇങ്ങിനെ അവര്‍ നോക്കും എന്ന്‍ പറയുകയുണ്ടായി .

ഇങ്ങിനെ മുകളിലേക്ക് നോക്കുന്നതിനെ ആംഗ്യത്തിലൂടെ പ്രവര്‍ത്തിച്ച് കാണിച്ചപ്പോള്‍ അവരുടെ തൊപ്പി താഴെ വീഴുകയുണ്ടായി എന്ന്‍ അടുത്ത ഹദീസ് അവതാരകന്‍ പറയുന്നു . അവരുടെ തൊപ്പി വീഴുകയുണ്ടായി എന്ന്‍ പറഞ്ഞത് ഉമര്‍(റളി)ന്‍റെ തൊപ്പി താഴെവീണു എന്ന അര്‍ത്ഥത്തിലാണോ പറഞ്ഞത് ? അതല്ല നബി(:)യുടെ തൊപ്പി താഴെ വീഴുകയുണ്ടായി എന്ന അര്‍ത്ഥത്തിലാണോ പറഞ്ഞത് ? എന്നതിനെ ഹദീസ് അവതാരകന്‍ വ്യക്തമാക്കിയില്ല എന്ന്‍ അവര്‍ക്ക് അടുത്ത് അറിയിക്കുന്നവര്‍ പറയുന്നു . ഇത് ആ ഹദീസിനോടോപ്പം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു .

നബി(:) തൊപ്പി ധരിച്ചിരുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഹദീസ് ഇതൊന്നുമാത്രമാണ് . ഇതില്‍ നബി(:) തൊപ്പി ധരിച്ചിരുന്നതായി വ്യക്തമാക്കിയിട്ട് തന്നെയില്ല .

ഇതാണ് ഈ ഹദീസിലുള്ള ആദ്യത്തെ ദൌര്‍ബല്യം . രണ്ടാമത്തേത് ഈ വാര്‍ത്ത അറിയിക്കുന്നവരെ കുറിച്ചും പോരായ്മകള്‍ ഉള്ളതുകൊണ്ട് ഈ വാര്‍ത്ത മൊത്തത്തില്‍ നിഷേധിക്കപ്പെടുന്ന നിലയിലുള്ളതാണ് എന്നതാണ് . ഇതിനെ അറിയിക്കുന്നവരില്‍ ഒരാളായ അബൂ യസീദ് അല്‍ കവ്ലാനി എന്നയാള്‍ ആരെന്നുതന്നെ അറിയപ്പെടാത്തയാളാണ് . തുടര്‍ന്ന് അറിയിക്കുന്ന ഇബ്നു ലഹ്യ ആ എന്നയാളും ഇതില്‍ വരുന്നുണ്ട് . ഇയാള്‍ ദുര്‍ബലനായ അവതാരകനാണ് .

നബി(:) തൊപ്പി ധരിച്ചിരുന്നത് ഉറപ്പല്ലായെങ്കിലും , ഉമര്‍(റളി) തൊപ്പി ധരിച്ചിട്ടുണ്ടാവാം എന്നു തീരുമാനിക്കുവാന്‍ പോലും മുകളില്‍ സൂചിപ്പിച്ച ദൌര്‍ബല്യങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നു . ഈ വാര്‍ത്ത മൊത്തത്തില്‍ ദുര്‍ബലമായത് കൊണ്ട് ഇതിനെ മുന്‍ നിര്‍ത്തി എന്തു തീരുമാനവും എടുക്കുവാന്‍ കഴിയില്ല എന്നകാര്യത്തില്‍ ഒരു സംശയവും ഇല്ല .

നബി(:) തൊപ്പി ധരിച്ചിരുന്നു എന്നുപറയുന്ന അംഗീകരിക്കപ്പെട്ട ഒരു ഹദീസും തന്നെയില്ല എന്നതിനെക്കുറിച്ച് നാം ചിന്തിക്കുവാന്‍ ബാധ്യസ്ഥരാണ് . നബി(:)യുടെ നരച്ച മുടികളുടെ എണ്ണം പോലും എണ്ണി പറഞ്ഞ നബിസഹാബാക്കള്‍ , നബി(:) തൊപ്പിധരിച്ചിരുന്നതായി പറഞ്ഞിട്ടില്ലാ എങ്കില്‍ ,അവര്‍ തങ്ങളുടെ ജീവിതത്തില്‍ ഒരിക്കല്‍പോലും തൊപ്പി ധരിച്ചിരുന്നില്ലാ എന്നകാര്യം ഉറപ്പാവുന്നു .

" നമ്മള്‍ക്കും സത്യനിഷേധികള്‍ക്കും തമ്മിലുള്ള വ്യത്യാസം , തൊപ്പികള്‍ക്ക് മീതെ തലപ്പാവും അണിയുന്നതാണ് " എന്ന്‍ നബി(:) പറഞ്ഞു .        അറിയിക്കുന്നത് : റുക്കാന (റളി)  ഗ്രന്ഥം ; തിര്മിദീ 1706 , അബൂദാവൂദ് 3556

ഈ ഹദീസിനെ രേഖപ്പെടുത്തിയിട്ടുള്ള ഇമാമുകളില്‍ ഒരാളായ തിര്മിദീ ഈ വാര്‍ത്തയുടെ തരം എന്താണെന്ന് അതിന്‍റെ താഴെത്തന്നെ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു : ഇതിനെ അറിയിക്കുന്നവരുടെ ശ്രംഖല ശക്തമായതല്ല . ഇതില്‍ നാലാമത്തെയാളായ അബുല്‍ ഹസന്‍ അല്‍ അസ്കലാനി എന്നയാളും , രണ്ടാമതായി വരുന്ന (മുഹമ്മദ്‌ ബിന്‍ റുക്കാന എന്ന ) റുക്കാനായുടെ മകനേയും നമുക്ക് ആരെന്നുതന്നെ അറിയുവാന്‍ സാധ്യമല്ല എന്ന്‍ സൂചിപ്പിക്കുന്നു .

ഹദീസ് നിദാന പണ്ഡിതന്മാരും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍  രേഖപ്പെടുത്തിയിട്ടില്ല .

ആരെന്നുതന്നെ അറിയാത്ത രണ്ട് നിവേദകര്‍ വഴിക്ക് ഈ ഹദീസ് അറിയിക്കപ്പെടുന്നത് കൊണ്ട്, ഈ ഹദീസ് ദുര്‍ബലമായതാണ് എന്നുള്ളതുകൊണ്ടു ഇതിനേയും തെളിവായി സ്വീകരിക്കുവാന്‍ സാധ്യമല്ല .

ഈ ഹദീസിനെ തെളിവായി കാണിക്കുന്നവര്‍ ഇതിനെ പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്നുനോക്കിയാല്‍ അതും ഇല്ല . ഈ ഹദീസ് പ്രകാരം തൊപ്പിയണിഞ്ഞു അതിനുമുകളില്‍ തലപ്പാവും ധരിക്കണം .ഇതുതന്നെയാണ് ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ മുസ്ലിംകളുടെ അടയാളം. ഇതിനെ ആരും ചെയ്തു കാണിക്കുന്നില്ല . ഇങ്ങിനെ ചെയ്യണമെന്നു നിര്‍ബന്ധിക്കുന്നതുമില്ല . തൊപ്പി ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നവര്‍ വെറും തൊപ്പി മാത്രം ധരിച്ചാല്‍ മതി എന്നുതന്നെയാണ് പറയുന്നത് .എന്നാല്‍ , തൊപ്പിമാത്രം ധരിക്കുന്നവര്‍ ദൈവ നിഷേധികള്‍ക്കുള്ള അടയാളം ഉള്ളവരാണ് എന്നതാണ് ഈ ഹദീസിന്‍റെ അഭിപ്രായമായിട്ടുള്ളത് .

ഇത് ബലഹീനമായ ഹദീസാണ് എന്നതോടൊപ്പം തന്നെ , തൊപ്പി ധരിക്കുന്നതിനു എതിരായ തെളിവായിട്ടുമാണ് നിലകൊള്ളുന്നത് .

താഴെക്കാണുന്ന വാര്‍ത്തയേയും തങ്ങളുടെ തെളിവായി ഇവര്‍ മുന്നോട്ടു വയ്ക്കുന്നു.

" നബി(:) തൊപ്പിയുടെ മീതെ തലപ്പാവ് ധരിക്കും . (ചില സമയങ്ങളില്‍) തലപ്പാവ് ഇല്ലാതെ തൊപ്പി മാത്രം ധരിക്കും , (ചില സമയങ്ങളില്‍) തൊപ്പിയില്ലാതെ തലപ്പാവ് മാത്രം ധരിക്കും " .   ഗ്രന്ഥം : സാദുല്‍ മ ആദ, ഭാഗം 1 , പുറം 130

സാദുല്‍ മ ആദെന്ന ഗ്രന്ഥം രചിച്ചത് ഇബ്നുല്‍ ഖയ്യും എന്നയാളാണ്. ഇയാള്‍ ഹദീസുകളെ ക്രോഡീകരിച്ച ഇമാമുകളില്‍ പെട്ട ഒരാളല്ല . ഇദ്ദേഹം ഹിജ്റി 691-751 കാലത്ത് ജീവിച്ചിരുന്നവരാണ് . നബി(:)യുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയെ ഇയാള്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ആ വാര്‍ത്ത സ്ഥാനം പിടിച്ചിട്ടുള്ള ഹദീസ് ഗ്രന്ഥത്തെ തെളിവായി കാണിച്ചിരിക്കണം . അങ്ങിനെ ഒരു ഗ്രന്ഥത്തേയും ആധാരമായി കാണിക്കാതെ നബി(:) തൊപ്പി ധരിച്ചിരുന്നു എന്ന്‍ ഇയാള്‍ പറയുന്നതിനെ തെളിവായി അംഗീകരിക്കുവാന്‍ സാധിക്കുകയില്ല .

മേലും, ഇദ്ദേഹം പറയുന്നതുപോലെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഒരു വാര്‍ത്തയും ഇല്ല എന്നതുതന്നെയാണ് സത്യം .

" അല്ലാഹുവിന്‍റെ റസൂലേ ! ഇഹ്റാം കെട്ടിയവര്‍ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത് ?" എന്ന്‍ ഒരാള്‍ ചോദിച്ചു . അതിന്ന്‍ നബി(:) , "ഇഹ്റാം കെട്ടിയവര്‍ കുപ്പായം ധരിക്കരുത്, പൈജാമ ധരിക്കരുത്, ബുര്‍നൂസ് അണിയരുത്, അയാള്‍ക്ക് ചെരിപ്പുകള്‍ കിട്ടിയില്ലെങ്കില്‍ കാലുറകളെ കണങ്കാലുകള്‍ക്ക് താഴെ വരുന്ന വിധത്തില്‍ അണിഞ്ഞുകൊള്ളട്ടെ" എന്ന്‍ ഉത്തരം നല്‍കി .     അറിയിക്കുന്നത് : ഇബ്നു ഉമര്‍(റളി) ; ഗ്രന്ഥം : ബുഖാരി ; 134 , 366 , 1838 , 1842 , 5794 , 5803 , 5805 , 5806 .

ഈ ഹദീസിലുള്ള ' ബുര്‍ണൂസ് ' എന്ന വാക്കിന്ന്‍ തൊപ്പി എന്ന്‍ അര്‍ത്ഥം നല്‍കി , ഈ ഹദീസ് തൊപ്പി അണിയുന്നതിനു തെളിവാണ് എന്ന്‍ ഇവര്‍ പറയുന്നു. അതായത് ഇഹ്റാം കെട്ടിയവര്‍ തൊപ്പിധരിക്കുവാന്‍ പാടില്ല എന്ന്‍ നബി(:) പറഞ്ഞിട്ടുള്ളത് കൊണ്ട് , ഇഹ്റാം കെട്ടാത്തവര്‍ തൊപ്പിധരിക്കാമെന്നും , നബി(:)യുടെ കാലത്ത് തൊപ്പി ഉണ്ടായിരുന്നതായി ഇതില്‍നിന്നും മനസ്സിലാക്കാമെന്നും ഇവര്‍ പറയുന്നു.

ആദ്യം ബുര്‍ണൂസ് എന്നവാക്കിന്ന്‍ എന്താണ് അര്‍ത്ഥം എന്ന്‍ പരിശോദിക്കാം .

1 .തലയെ മറച്ച് ശരീരം മുഴുവനും മൂടുവാന്‍ ഉപയോഗിക്കുന്ന വസ്ത്രം. 2 .നീണ്ട തൊപ്പി. ഇതിനെ ഇസ്ലാമിന്‍റെ ആദ്യകാലങ്ങളില്‍ ഹജ്ജ് ചെയ്യുന്നവര്‍ ധരിച്ചിരുന്നു. (ഗ്രന്ഥം : ലിസാനുല്‍ അറബ്, ഭാഗം ; 6 , പുറം : 26 )

അറബി ഭാഷാ നിഘണ്ടുവായ ലിസാനുല്‍ അറബ് എന്ന ഗ്രന്ഥത്തില്‍ മുകളില്‍ കാണുന്ന രണ്ട് അര്‍ത്ഥങ്ങളും കൊടുത്തിട്ടുണ്ട്.

ബുഖാരിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ബുര്‍ണൂസ് എന്ന വാക്കിന് നീണ്ട തൊപ്പിയെന്ന്‍ അര്‍ത്ഥം കല്‍പ്പിച്ചാലും ഇക്കൂട്ടര്‍ അണിയുന്ന ഈ തൊപ്പിയെ അത് സൂചിപ്പിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഇന്നത്തെക്കാലത്ത് ധരിക്കുന്ന തൊപ്പി നീണ്ട രൂപത്തിലുള്ള തൊപ്പിയല്ല. വളരെ ചെറിയ, തലയോട് പതിഞ്ഞിരിക്കുന്ന തൊപ്പിയെയാണ് തൊപ്പിയെന്ന്‍ ഇവര്‍ പറയുന്നത്.

കൂടാതെ, അന്നത്തെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന തൊപ്പി(ബുര്‍ണൂസ്)യെകൊണ്ട് ഒരാളെ ആക്രമിക്കുവാന്‍ കഴിയുമായിരുന്നു. അത്രയും വലുതും, ഭാരമുള്ളതുമായിരുന്നു അത്. ഇതിനു താഴെ കാണുന്ന ഹദീസ് തെളിവാണ്.

ഉമര്‍(റളി) കൊലചെയ്യപ്പെട്ട സംഭവം വിശദമായിത്തന്നെ ബുഖാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതില്‍നിന്നും, .......ഉമര്‍(റളി) കത്തികൊണ്ട് ആക്രമിക്കപ്പെട്ട അന്ന്‍ പുലര്‍ച്ചയ്ക്ക്(നിസ്ക്കാരത്തിന്ന്‍) ഞാന്‍ (സ്വഫ്ഫില്‍) നിന്നുകൊണ്ടിരുന്നു. എനിക്കും ഉമര്‍(റളി)ന്നും ഇടയ്ക്ക് അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്(റളി)നെ കൂടാതെ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. ഉമര്‍(റളി) (ജനങ്ങള്‍ക്ക് നിസ്ക്കാരം നടത്തുന്നതിനു മുമ്പ്) രണ്ട് സ്വഫ്ഫുകള്‍ക്ക് ഇടയില്‍ ചെല്ലുമ്പോള്‍ 'അണികള്‍ നേരെയാക്കി നില്‍ക്കുക' എന്ന്‍ പറയുമായിരുന്നു. സ്വഫ്ഫുകള്‍ നേരെയാക്കിയ ശേഷമേ മുന്നിലേക്ക് ചെന്ന്‍ (നമസ്ക്കാരത്തിനായി)തക്ബീര്‍ (തഹരീമാ) ചൊല്ലുമായിരുന്നു. ചില സമയം യൂസഫ്‌ അദ്ധ്യായം അല്ലെങ്കില്‍ നഹല്‍ അദ്ധ്യായം, അല്ലെങ്കില്‍ അതുപോലുള്ളതിനെ ജനങ്ങള്‍ നിസ്ക്കാരത്തിനായി വന്നു ചേരുന്നത് വരേയും ആദ്യ റഖ അത്തില്‍ ഓതുമായിരുന്നു. (സംഭവം നടന്ന അന്ന്‍) അപ്പോള്‍ തക്ബീര്‍ പറഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. "എന്നെ നായ് കൊന്നുകളഞ്ഞു .... അതല്ല തിന്നുകളഞ്ഞു" എന്നോ അദ്ദേഹം പറയുകയുണ്ടായി. (അപ്പോള്‍ അബൂ ലുഹ് ലുആ ഫൈരോസ് എന്നയാള്‍ അദ്ദേഹത്തെ കഠാര കൊണ്ട് കുത്തിയിരുന്നു) തത്സമയം ആ ഇല്ജ് (അറബിയല്ലാത്ത അന്യഭാഷാ സംസാരിക്കുന്ന ദൈവ നിഷേധി) തന്‍റെ കഠാരി കൊണ്ട് തന്‍റെ വലത്തും ഇടത്തും നില്‍ക്കുന്നവരെ ആക്രമിച്ചുകൊണ്ട് ഓടിപ്പോയി. പതിമൂന്ന്‍ പുരുഷന്മാരെ അവന്‍ കത്തികൊണ്ട് ആക്രമിച്ചിരുന്നു. അതില്‍ ഏഴുപേര്‍ മരിച്ചുപോയിരുന്നു. ഇതിനെ കണ്ട മുസ്ലിംകളില്‍ ഒരാള്‍ തന്‍റെ നീണ്ട തൊപ്പി(ബുര്‍ണൂസ്)യെ (അഴിച്ച്) അവന്‍റെ മേല്‍ വീശി എറിഞ്ഞു. ആ അന്യഭാഷക്കാരനായ ദൈവ നിഷേധി, തന്നെ ഇവര്‍ കീഴ്പ്പെടുത്തിക്കളയും എന്ന വിചാരത്തില്‍ സ്വയം അറുത്തുകൊണ്ട് മരണമടഞ്ഞു.           ഗ്രന്ഥം ; ബുഖാരി : 3700

മുസന്നഫ് അബീ ശൈബായുടെ അറിയിപ്പില്‍ അവനെ പിടിക്കുവാന്‍ വേണ്ടി നീണ്ട തൊപ്പിയെ എറിയുകയുണ്ടായി എന്ന്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരാളെ ആക്രമിച്ച് കീഴ്പെടുത്തുന്ന വിധത്തില്‍ ആ തൊപ്പി നീളമുള്ളതും, ഭാരമുള്ളതുമായിരുന്നു. നാമുപയോഗിക്കുന്ന തുണികൊണ്ടുള്ള തൊപ്പി ഏതാനും വാരകള്‍ക്ക് മേല്‍ പോവുകയില്ല. ഭാരമില്ലാത്തത് കൊണ്ട് അടുത്തുതന്നെ അത് വീണുപോവും. ആയതുകൊണ്ട്, ഹദീസില്‍ പറയുന്ന ബുര്‍ണൂസ് എന്ന തൊപ്പിയും ഇന്നത്തെക്കാലത്ത് ഉപയോഗത്തിലുള്ള തൊപ്പിയും ഒന്നല്ല എന്നതിനെ നമുക്ക് ഇതില്‍നിന്നും മനസ്സിലാക്കുവാന്‍ സാധിക്കും. ബുര്‍ണൂസ് എന്ന വാക്ക് ഇടം പിടിച്ചിട്ടുള്ള ഈ ഹദീസിനെ തെളിവായി കാണിക്കുന്നവര്‍ ഹദീസില്‍ പറയുന്നത് പോലുള്ള ഇരുമ്പ് തൊപ്പി ധരിക്കണം എന്നാണു പറയേണ്ടത്. അതുകൊണ്ട്, ഇന്ന്‍ പ്രചാരത്തിലുള്ള തൊപ്പിക്കും ഈ ഹദീസിനും ഒരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം.

തൊപ്പി എന്നുള്ളതിന്ന്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള തൊപ്പി എന്നതുതന്നെയാണ് അര്‍ത്ഥം എന്ന്‍ ഒരു വാദത്തിന്നായി അംഗീകരിച്ചാലും. മേല്‍ സൂചിപ്പിച്ച ഹദീസ് വാക്യത്തില്‍ നിന്നും തൊപ്പി ധരിക്കാം എന്ന അഭിപ്രായം മാത്രമാണ്‌ കിട്ടുന്നത്. അത് കടമയാണെന്നോ മഹത്വമുള്ള കാര്യമാണെന്നോ അത് അര്‍ത്ഥം നല്‍കുന്നില്ല.

പ്രത്യേകമായ ചില സന്ദര്‍ഭങ്ങളില്‍ ഒരു കാര്യം ചെയ്യുവാന്‍ പാടില്ല എന്ന്‍ തടസ്സം കല്പ്പിക്കുകയാണ് എങ്കില്‍, മറ്റു സന്ദര്‍ഭങ്ങളില്‍ അതിനെ ചെയ്തുകൊള്ളാം എന്നാണ് മനസ്സിലാക്കേണ്ടത്. മറ്റു സന്ദര്‍ഭങ്ങളില്‍ അതിനെ ചെയ്യുകതന്നെ വേണം എന്ന്‍ അര്‍ത്ഥം കല്‍പ്പിക്കരുത്.

നോമ്പ് വെച്ചിട്ടുള്ളവര്‍ പകല്‍ സമയത്ത് ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്ന്‍ പറഞ്ഞാല്‍, രാത്രിയില്‍ ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെടാം എന്നുതന്നെയാണ് അര്‍ത്ഥം നല്‍കേണ്ടത്. അല്ലാതെ രാത്രിയില്‍ തീര്‍ച്ചയായും ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെട്ടുതന്നെ തീരണം എന്ന്‍ ആരും അര്‍ത്ഥമാക്കുകയില്ല.

ജുമാക്കുള്ള ബാങ്ക് വിളി കേട്ടതും കടകള്‍ തുറക്കുവാന്‍ പാടില്ല എന്നാല്‍ ഇതിനെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് ?. ജുമാക്ക് ശേഷം വേണമെങ്കില്‍ കട തുറക്കാം. തുറക്കാതെയും ഇരിക്കാം എന്നുതന്നെയാണ് നാം മനസ്സിലാക്കുക. അതുപോലെ തന്നെയാണ് ഈ ഹദീസിനേയും നാം മനസ്സിലാക്കേണ്ടത്.

ഇഹ്റാം കെട്ടിയിരിക്കുമ്പോള്‍ തൊപ്പി ധരിക്കുവാന്‍ പാടില്ല എന്നാണെങ്കില്‍ മറ്റു സമയങ്ങളില്‍ ധരിക്കുന്നതിന്ന്‍ അനുവാദം ഉണ്ട് എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്. വീണ്ടും പറയുകയാണെങ്കില്‍, തൊപ്പി ധരിക്കുന്നത് കടമയായ ഒരു കാര്യമല്ല എന്നതിന്ന്‍ ഈ ഹദീസ് മികച്ച ഒരു ഉദാഹരണമാണ്.

തൊപ്പി ധരിക്കുന്നത് അനുവദിക്കപ്പെട്ടതാണ് എന്ന കാര്യത്തില്‍ നമുക്ക് മറ്റൊരഭിപ്രായമില്ല. അത് കടമയല്ല എന്നത് മാത്രമാണ്‌ നമ്മുടെ നിലപാട്. ആ നിലപാടിനെ അംഗീകരിക്കുന്ന വിധത്തിലാണ് ഈ ഹദീസ് നിലകൊള്ളുന്നത്.

തൊപ്പി ധരിക്കുന്നത് അനുവദനീയമാണ് എന്ന അഭിപ്രായത്തെ തന്നെയാണ് ഈ ഹദീസ് തരുന്നത്. ആരെങ്കിലും പിടിവാശി പിടിക്കുകയാണെങ്കില്‍ ഈ ഹദീസില്‍ പറഞ്ഞിട്ടുള്ള എല്ലാ വസ്ത്രങ്ങളെ കുറിച്ചും അങ്ങിനെതന്നെയാണ് അവര്‍ അര്‍ത്ഥം നല്‍കേണ്ടത്.

അതായത്, ഇഹ്റാം കെട്ടിയവര്‍ തൊപ്പി ധരിക്കുവാന്‍ പാടില്ല എന്ന കാര്യം മാത്രമല്ല ഈ ഹദീസില്‍ പറഞ്ഞിട്ടുള്ളത്. അതോടുകൂടി കുപ്പായം, പൈജാമ , കാലുറകള്‍ എന്നിവയും ഇഹ്റാം കെട്ടിയിരിക്കുമ്പോള്‍  ധരിക്കുവാന്‍ പാടില്ല എന്ന്‍ പറയുന്നുണ്ട്. ഇഹ്റാം അല്ലാത്ത സമയത്ത് ഇവ മൂന്നിനെയും ധരിക്കേണ്ടത് കടമയാനെന്ന്‍ ഇവര്‍ പറയുമോ ?.

വീണ്ടും, ബുഖാരിയിലെ ഈ ഹദീസിനെ ചൂണ്ടിക്കാണിച്ച് തൊപ്പി ധരിക്കുന്നത് സുന്നത്താണെന്ന് പറയുകയാണെങ്കില്‍, ആ ഹദീസിലുള്ള മറ്റുള്ളവയെ ധരിക്കുന്നതും സുന്നത്താണെന്ന് ഇവര്‍ പറയണം. ഷര്‍ട്ട്, പാന്റ്സ് , ചെരിപ്പ് , സോക്സ്‌ എന്നിവ ധരിക്കുന്നതും സുന്നത്താണെന്ന് ഇവര്‍ പറയുമോ ?.

' നബി(:) മക്കാ വിജയത്തിന്‍റെ സമയത്ത് തലയില്‍ ഇരുമ്പ് തൊപ്പിയോടു കൂടി (മക്കയിലേക്ക്) കടന്നുവന്നു' .         അറിയിക്കുന്നത് : അനസ് (റളി) ഗ്രന്ഥം : ബുഖാരി ; 1846 , 3044 , 4286 , 5808 .

ഈ ഹദീസിനെ തൊപ്പി ധരിക്കുന്നതിന്ന്‍ ആധാരമായി കാണിക്കുന്നവര്‍ പട്ടാളക്കാരെപ്പോലെ ഇരുമ്പ് തൊപ്പി ധരിക്കുന്നതിനെ തന്നെയാണ് സുന്നത്ത് എന്ന്‍ പറയേണ്ടത്. നബി(:) മക്കാ നഗരത്തെ നോക്കി ദൈവ നിഷേധികളോട് യുദ്ധത്തിനായി ചെല്ലുകയുണ്ടായി. അതുകൊണ്ട് അവരുടെ തലയില്‍ ഇരുമ്പു കവചം(തൊപ്പി) ഉണ്ടായിരുന്നു. യുദ്ധക്കളത്തിലല്ലാതെ മറ്റു സമയങ്ങളില്‍ അവര്‍ ഇരുമ്പു തൊപ്പി ധരിച്ചിരുന്നതിന്ന്‍ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല.

ഇരുമ്പു കവചങ്ങളെ പോലും തൊപ്പിക്ക് തെളിവായി ഇവര്‍ മുന്നോട്ട് വെക്കുന്നതില്‍ നിന്നും വ്യക്തമായ ഒരു തെളിവ് പോലും ഇവരുടെ പക്കലില്ല എന്ന്‍ നമുക്ക് വ്യക്തമാവുന്നു.

' ആദമിന്‍റെ സന്തതികളേ ! ഓരോ നമസ്ക്കാര സ്ഥലങ്ങളിലും നിങ്ങളുടെ അലങ്കാരങ്ങള്‍ അണിഞ്ഞു കൊള്ളുക ! തിന്നുകയും കുടിക്കുകയും ചെയ്യുക ! ദൂര്‍ത്തടിക്കരുത് ! ദൂര്‍ത്തടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'.      വി :ഖുര്‍ആന്‍ 7 : 31

" ഈ വചനം പള്ളിയിലേക്ക് അലങ്കാരത്തോടു കൂടി വരുവാന്‍ കല്‍പ്പിക്കുന്നു. അതുകൊണ്ട് തൊപ്പി എന്നതും ഒരു അലങ്കാരമാണ്. അത്കൊണ്ട് , തൊപ്പി ധരിച്ചുകൊണ്ടു തന്നെയാണ് വരേണ്ടത് " എന്ന്‍ ചിലര്‍ വാദിക്കുന്നു.

ഇവരുടെ വാദം മുഴുവനും ദുര്‍ബലമായതാണ്. തൊപ്പി ഒരു അലങ്കാരവസ്തുവായി പ്രായോഗികമായി ഉപയോഗപ്പെടുത്തുന്നില്ല. ഇക്കൂട്ടര്‍ മാര്‍ഗ്ഗത്തിലെ കടമയാണെന്ന് തെറ്റായ അഭിപ്രായത്തെ പ്രചരിപ്പിക്കുന്നത് കൊണ്ടും , നിര്‍ബന്ധിക്കുന്നത് കൊണ്ടും തൊപ്പി ധരിച്ചുകൊണ്ടു ആളുകള്‍ പള്ളികളിലേക്ക് ചെല്ലുന്നു. നിസ്ക്കാരം കഴിഞ്ഞ ഉടന്‍ അതിനെ മടക്കി ഷര്‍ട്ടിന്റെ പോക്കറ്റിലേക്ക് തിരുകി വെക്കുന്നവരാണ് അധികവും. ഇതില്‍നിന്നും ഇതിനെ ഒരു അലങ്കാരവസ്തുവായി ഇവരാരും ഉപയോഗിക്കാറില്ല എന്നും , അലങ്കാരത്തിനെതിരായി തൊപ്പിയെ കരുതുന്നു എന്നും മനസ്സിലാക്കുവാന്‍ കഴിയും.

കൂടാതെ, അലങ്കാരമായി , സുന്ദരമായിരിക്കുന്ന പലതിനേയും ധരിച്ചുകൊണ്ടു വരുവാന്‍ ഇവര്‍ കല്‍പ്പിക്കുന്നില്ല. കണ്ണാടി, കോട്ട് , പാന്‍റ് , ടെയ് പോലുള്ളവ അലങ്കാര വസ്തുക്കളായി ഇന്ന്‍ ഉപയോഗപ്പെടുത്തുന്നു. ഇവയെല്ലാം ധരിച്ചുകൊണ്ടു വരുന്നത് സുന്നത്താണെന്ന് ഇവര്‍ പറയുമോ ?.

ആരാധനയ്ക്കായി വരുമ്പോള്‍ നല്ല വസ്ത്രങ്ങളണിഞ്ഞു വൃത്തിയോടുകൂടി വരണമെന്നും , അന്നുകാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നഗ്നമായി തവാബ് ചെയ്യുന്നതുപോലുള്ള കാര്യങ്ങളെ ചെയ്യരുത് എന്നതിനേയും തന്നെയാണ് ഈ വചനം പറയുന്നത്. ഇക്കൂട്ടര്‍ പറയുന്നതുപോലെ തൊപ്പിയനിഞ്ഞുകൊണ്ട് പള്ളികളിലേക്ക് വരണമെന്ന് ഈ വചനം പറയുന്നില്ല.

ഇത്രയും തന്നെയാണ് തൊപ്പി ധരിക്കുന്നത് സുന്നത്താണ് എന്ന് പറയുന്നവരുടെ പക്കലുള്ള തെളിവുകള്‍. ഇവര്‍ നിരത്തുന്ന ഈ തെളിവുകളില്‍ നിന്നും, നബി(:)യുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നബി(:) നിസ്ക്കാരത്തില്‍ തൊപ്പി ധരിച്ചിരുന്നു എന്ന വാക്യം ഉള്ളടങ്ങിയിട്ടില്ല.

അടുത്തതായി ഇവര്‍ പറയുന്ന ആധാരങ്ങളില്‍ , തൊപ്പി എന്ന്‍ ഇവര്‍ അര്‍ത്ഥം നല്‍കിയിരിക്കുന്ന അറബി വാക്കിന് നീണ്ട തൊപ്പി എന്നുതന്നെയാണ് അര്‍ത്ഥം നല്‍കേണ്ടത്. മേലും, അവ മറ്റുള്ളവരെ ആക്രമിക്കുവാന്‍ പറ്റുന്ന വിധം ഭാരമുള്ളതും ആയിരുന്നു. ഇതിനും ഇപ്പോള്‍ തൊപ്പി എന്ന് പറയുന്നതിനും ഒരു ബന്ധവുമില്ല.

തൊപ്പിയെ കുറിച്ച് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്ന ഒരു ഹദീസിലും തൊപ്പി ധരിക്കണമെന്ന കല്പ്പനയോ , പ്രോത്സാഹനമോ അടങ്ങിയിട്ടില്ല.

മേലും, തൊപ്പി ധരിക്കാതെ നിസ്ക്കരിച്ചാല്‍ നമസ്ക്കാരം കൂടില്ല എന്നോ , തൊപ്പി ധരിക്കാതെ നിസ്ക്കരിക്കുന്നവരെ പള്ളിയിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കരുത് എന്നോ ഏത് മദ്ഹബ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

സുന്നത്ത് എന്നതിന്‍റെ നിര്‍വചനം

ഒരു ഉദാഹരണത്തിനു ഇവര്‍ പറയുന്നതുപോലെ നബി(:) തൊപ്പി ധരിച്ചിരുന്നു എന്ന്‍ അംഗീകരിച്ചാലും അതിനെ സുന്നത്താണെന്ന് പറയുവാന്‍ സാധിക്കുകയില്ല.

നബി(:)യുടെ നടപടികളെ രണ്ട് വിഭാഗമായിട്ടാണ് നാം കാണേണ്ടത്. ഒന്ന്‍ , മാര്‍ഗ്ഗവുമായി ബന്ധപ്പെട്ടത്. രണ്ടാമത്തേത് ലോക സംബന്ധമായ കാര്യങ്ങളും. മാര്‍ഗ്ഗവുമായി ബന്ധപ്പെട്ടവയെ സംബന്ധിച്ചേടത്തോളം നബി(:) ചെയ്തിരുന്നു എന്ന്‍ തെളിവുകിട്ടിയാല്‍ അവ മാര്‍ഗ്ഗത്തില്‍ നിയമമായിതീരും. എന്നാല്‍ ലോകകാര്യങ്ങളെ സംബന്ധിച്ചേടത്തോളം അവര്‍ ചെയ്തിരുന്നു എന്നതിന്ന്‍ തെളിവ് കിട്ടിയാല്‍പോലും അവ മാര്‍ഗ്ഗനിയമം ആവുകയില്ല. അവര്‍ ചെയ്യുന്നതോടൊപ്പം വാക്കാലും കല്‍പ്പിക്കുകയാനെങ്കില്‍ മാത്രമേ അവ മാര്‍ഗ്ഗത്തില്‍ നിയമമാവുകയുള്ളൂ.

ഒട്ടകത്തില്‍ യാത്രചെയ്തത് , ഗോതമ്പ് ആഹാരം കഴിച്ചിരുന്നത് എന്നീ കാര്യങ്ങളെ ലോകകാര്യങ്ങള്‍ക്ക് ഉദാഹരണമായി സൂചിപ്പിക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങളെ നബി(:) ചെയ്തിരുന്നു എന്നത് തീര്‍ച്ചയാണ് എങ്കില്‍പോലും നമ്മളും അവയെ ചെയ്യുന്നത് സുന്നത്താവുകയില്ല. ഇതിനെ വീണ്ടും വിശദമായി പറയുവാന്‍ തലമുടി വളര്‍ത്തുന്നതിനെ കുറിച്ചും , താടി വയ്ക്കുന്നതിനെ കുറിച്ചും ഉദാഹരണമായി പറയാം.

നബി(:) താടിയും വച്ചിരുന്നു, തലമുടിയും വളര്‍ത്തിയിരുന്നു. എന്നാലും താടിവയ്ക്കുന്നതിനെ സുന്നത്തെന്ന്‍ പറയുന്നു. തലമുടി വളര്‍ത്തുന്നതിനെ സുന്നത്തെന്ന്‍ ആരും പറയുന്നില്ല. താടിയും തലമുടിയും ആരാധനയില്‍  പെട്ടവയല്ല. എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണവ. എന്നാലും താടിവച്ചിരുന്ന നബി(:) തങ്ങള്‍ താടിവളര്‍ത്തിയതോടുകൂടി  നിര്‍ത്താതെ മറ്റുള്ളവര്‍ക്കും അതുചെയ്യുവാന്‍ കല്‍പ്പിച്ചത് കൊണ്ട് അത് സുന്നത്തായി തീര്‍ന്നു. എന്നാല്‍ തലമുടി വളര്‍ത്തിയിരുന്ന നബി(:) തലമുടി വളര്‍ത്തണമെന്ന് മറ്റുള്ളവര്‍ക്ക് കല്പ്പിക്കാത്തത് കൊണ്ട് അത് സുന്നത്തായി തീര്‍ന്നില്ല. മറ്റൊരു ഉദാഹരണം മുഖേന ഈ വിത്യാസത്തെ നമുക്ക് കൂടുതലായി മനസ്സിലാക്കാം. നബി(:) ഈന്തപ്പഴത്തെ ആഹാരമായി ഉപയോഗിച്ചിരുന്നു. ഇതുകൊണ്ട് ഈന്തപ്പഴത്തെ ആഹാരമായി കഴിക്കുന്നത് സുന്നത്താണെന്ന് ആരും പറയുകയില്ല. എന്നാല്‍ നോമ്പ് തുറക്കുമ്പോള്‍ നബി(:) ഈന്തപ്പഴം കൊണ്ട് നോമ്പ് തുറന്നതോടൊപ്പം , ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക എന്ന്‍ പ്രോത്സാഹിപ്പിച്ചത് കൊണ്ട് അത് സുന്നത്തായി തീര്‍ന്നിടുന്നു.

അതുകൊണ്ട് മാര്‍ഗ്ഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ചേടത്തോളം നബി(:) പറഞ്ഞതും മാര്‍ഗമാണ്, അവര്‍ പ്രവര്‍ത്തിച്ചു കാണിച്ചതും മാര്‍ഗമാണ്, അവര്‍ അംഗീകരിച്ചതും മാര്‍ഗമാണ്.

ലോക വിഷയങ്ങളെ സംബന്ധിച്ചേടത്തോളം അവര്‍ കല്‍പ്പിച്ചത് എല്ലാം മാര്‍ഗം തന്നെയാണ്. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചവ ഒന്നുംതന്നെ മാര്‍ഗമാവുകയില്ല. അതുപോലെ അവര്‍ അംഗീകരിച്ചവ ഒന്നുംതന്നെ മാര്‍ഗ്ഗമാവുകയില്ല. മറിച്ച് അവര്‍ ചെയ്തതോടൊപ്പം മറ്റുള്ളവര്‍ക്കും അതിനെകുറിച്ച് കല്‍പ്പിച്ചാല്‍ മാത്രമേ അത് മാര്‍ഗ്ഗമായി തീരുകയുള്ളൂ.

തൊപ്പിയെന്നത് ഒരു വസ്ത്രമാണ്. ഇത് ആരാധനകളില്‍ പെട്ട ഒന്നല്ല. നബി(:) ചിലസമയങ്ങളില്‍ തൊപ്പി ധരിച്ചിരുന്നുവെങ്കില്‍ പോലും അവര്‍ തൊപ്പി ധരിക്കണമെന്ന് കല്‍പ്പിച്ചിരുന്നില്ല. പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെയാണ് തൊപ്പി ധരിക്കുന്നത് ഒരിക്കലും സുന്നത്താവുകയില്ല എന്നുപറയുന്നത്.

നമസ്ക്കാരത്തിലോ, നമസ്ക്കാരത്തിനു പുറത്തോ തൊപ്പി ധരിക്കുവാന്‍ ഒരാള്‍ ആഗ്രഹിക്കുകയാണെങ്കില്‍ , അയാള്‍ക്ക് തൊപ്പി ധരിക്കുകയോ, ധരിക്കാതെ ഇരിക്കുകയോ ചെയ്യാം.

ചരിത്ര പശ്ചാത്തലം

ഇന്ത്യയില്‍ മുസ്ലീം സമൂഹത്തിനിടയില്‍ തൊപ്പിക്ക് ഇത്രയേറെ പ്രാധാന്യം കിട്ടുന്നതിനു ചരിത്രപരമായ ചില കാരണങ്ങളും ഉണ്ട്.

ഇസ്ലാമിയ ഭരണത്തിനു ഓരോ കാലഘട്ടത്തും ഓരോ രാജ്യം നേതൃത്വം നല്‍കിവന്നിരുന്നു. ഖിലാഫത്ത് എന്നുപറയപ്പെട്ട ഈ നേതൃത്വം അവസാനമായി തുര്‍ക്കിയുടെ കൈവശം വന്നുചേര്‍ന്നു. തുര്‍ക്കി ഇസ്ലാമിയ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ട സമയത്തില്‍ ഇന്ത്യയെ പോലെതന്നെ തുര്‍ക്കിയും കോളനി വാഴ്ചക്ക് അടിമയാക്കപ്പെട്ടു. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ മുസ്ലീംകള്‍ ഇന്ത്യയുടെ സ്വാതന്ത്രിയത്തിനായി സമരം ചെയ്ത അതേസമയത്ത് തന്നെ തുര്‍ക്കിയുടെ ഖിലാഫത്തിനെ മോചിപ്പിക്കുവാനും പോരാടുകയുണ്ടായി. ഇതിനായി ഖിലാഫത്ത് പ്രസ്ഥാനത്തെയും ഇവിടെ സ്ഥാപിച്ചു.

ഇസ്ലാമിയ്യ ലോകത്തിന്‍റെ തലസ്ഥാനമായി അവസാന കാലത്ത് കരുതിയിരുന്ന തുര്‍ക്കിയിലെ ജനത തൊപ്പി ധരിക്കുന്നതിനെ തങ്ങളുടെ ദേശീയ ചിഹ്നമായി കരുതിയിരുന്നു.

തുര്‍ക്കികള്‍ ഇസ്ലാമിനെ സംരക്ഷിക്കുന്നുവോ ഇല്ലയോ ,തൊപ്പിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച്ചവരുത്തുകയില്ല.

യുദ്ധക്കളത്തില്‍ പോലും തൊപ്പി ധരിച്ചുകൊണ്ടു വാളിനെ പിടിക്കുന്നതിനെക്കാളും , തൊപ്പി താഴെവീഴാതെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചത് കൊണ്ടുതന്നെയാണ് ശത്രുക്കളോട് തുര്‍ക്കികള്‍ പരാജയപ്പെട്ട് പോയതെന്ന് ചരിത്രം പറയുന്നു. ആ അളവിന് തൊപ്പി അവരുടെ ജീവിതവുമായി അലിഞ്ഞുചേര്‍ന്നിരുന്നു.

നമുക്ക് നേതൃത്വം തുര്‍ക്കിതന്നെയാണ് എന്നചിന്ത മനസ്സില്‍ ഉറച്ചു പോയതിന്‍റെ ഫലമായി ഇന്ത്യയിലുള്ള മുസ്ലീംകള്‍ നമ്മളും തൊപ്പി ധരിക്കേണ്ടത് മാര്‍ഗ്ഗത്തില്‍ കടമയാണ് എന്ന തീരുമാനത്തിലേക്ക് എത്തിചേരുകയുണ്ടായി. അതും, ആരംഭകാലത്ത് ഒരുമുഴം ഉയരമുള്ള തുര്‍ക്കിതൊപ്പി തന്നെയാണ് അവര്‍ ധരിച്ചിരുന്നത്.

അതുകൊണ്ട്, തുര്‍ക്കിയുടെ സ്വാദീനം കൊണ്ടുതന്നെയാണ് തൊപ്പി ഇസ്ലാമിന്‍റെ ചിഹ്നം എന്ന അഭിപ്രായം ഇന്ത്യയിലെ മുസ്ലീംകളുടെ മനസ്സില്‍ ആഴത്തില്‍ പത്ഞ്ഞുപോയത്. അല്ലാതെ , മാര്‍ഗ്ഗത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലല്ല. 
  

 














No comments:

Post a Comment