Ind disable

ശിര്‍ക്ക് ഉന്മൂലന മഹാ സമ്മേളനം

സ്ത്രീകള്ക്ക് അവരുടെ വിവാഹ മൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക . അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ അനുഭവിച്ചുകൊള്ളുക . വി : ഖുര്ആന്‍ ; 4 : 4

Thursday, 18 April 2013

സഹാബാക്കൾ-01-സയീദ് ഇബ്നു ആമിർ(റളി)

സഹാബാക്കള്‍ - 01 സയീദ്‌ ഇബ്നു ആമിര്‍ (റളി) سيىد إبن امر

അസ്സലാമു അലൈക്കും വരഹ് ....

സ്നേഹം നിറഞ്ഞ 'ആരാധ്യനേകന്‍' വായനക്കാര്‍ക്ക് ,

പൊതുവേ ചരിത്രത്തില്‍ അറിയപ്പെടാത്ത മഹാന്മാര്‍ ഒരുപാടുപേരുണ്ട് . അങ്ങിനെയുള്ളവരുടെ ഇടയില്‍ ത്യാഗവും , സത്യനിഷ്ടയും , വിനയവും തങ്ങളുടെ ജീവിതമാക്കി ജീവിച്ചു കാണിച്ച നബി സഹാബാക്കള്‍ പലരേയും നമ്മുടെ സമുദായം ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുകയുണ്ടായോ എന്ന് ചോദിച്ചാല്‍ സംശയമാണ് . ആ കുറവ് പരിഹരിക്കുന്ന വിധം സഹോദരന്‍ നൂറുദ്ദീന്‍ തമിഴില്‍ പ്രസിദ്ധീകരിച്ച "നബി സഹാബാക്കള്‍" എന്ന ജീവചരിത്ര പരമ്പര മലയാളത്തില്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു . പൊതുവേ ജീവചരിത്രം എന്നാല്‍ വെറുതെ വായിച്ചുപോകുവാന്‍ മാത്രം ഉള്ളതാണെന്ന് കണക്കാക്കാതെ , നമ്മുടെ ജീവിതത്തില്‍ മാര്‍ഗ്ഗ ദര്‍ശനമാക്കുവാനും , ജീവിതത്തില്‍ പകര്‍ത്തുവാനും കൂടി ഉള്ളതാണെന്ന് മനസ്സിലാക്കണം . വരൂ , വായിക്കാം . ഇസ്ലാം മാര്‍ഗ്ഗത്തിന്റെ നെടും തൂണുകളായ ആ ഉത്തമ സഹാബികളുടെ ജീവിതത്തെ കഴിയുന്നേടത്തോളം പിന്തുടര്‍ന്നു ജീവിക്കുവാന്‍ ഇന്‍ഷാഹ് അള്ളാഹ് നമുക്കും ശ്രമിക്കാം .

സഹാബാക്കള്‍ - 01 സയീദ്‌ ഇബ്നു ആമിര്‍ (റളി) سيىد إبن امر

ഖലീഫ ഉമരി(റളി)ന്റെ ഭരണം നടക്കുന്ന കാലഘട്ടം . സിറിയയിലെ ഹിംസ് പ്രവിശ്യയില്‍ നിന്നും ഒരു പ്രതിനിധി സംഘം മദീനയിലേയ്ക്ക് വരുകയുണ്ടായി . ഖലീഫ ഉമരി(റളി)ന്റെ വിശ്വസ്ഥരായിരുന്നു   സംഘത്തിലുള്ള എല്ലാവരും . ബൈത്തുല്‍ മാലില്‍ (ഖജനാവ് )നിന്നും സഹായം കിട്ടാന്‍ അര്‍ഹരായ , ഹിംസ് പ്രവിശ്യയിലെ പാവപ്പെട്ടവരുടെ ഒരു പട്ടിക സമര്‍പ്പിക്കുവാന്‍ അവരോട് നിര്‍ദ്ദേശിച്ചു ഖലീഫ ഉമര്‍ (റളി).

നികുതിയായും , സക്കാത്ത് ആയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിതരണം ചെയ്യുവാന്‍ വേണ്ടി 'ബൈത്തുല്‍ മാലില്‍' ശേഖരിക്കുന്ന സമ്പത്തില്‍ നിന്നും സഹായം കിട്ടുവാന്‍ വേണ്ടി ഹിംസ് പ്രവിശ്യയിലുള്ള പാവപ്പെട്ടവരുടെ പട്ടിക പരിശോദിച്ച ഖലീഫയ്ക്ക് ഒരു പേര്‍ മാത്രം മനസ്സിലായില്ല . "ആരാണ് ഈ സയീദ്‌ ?" അദ്ദേഹം സംഘത്തിലുള്ളവരോടു ചോദിച്ചു .


"ഞങ്ങളുടെ അമീര്‍" എന്ന്‍ അവര്‍ ഉത്തരം നല്‍കി . അമീര്‍ എന്നാല്‍ ആ പ്രവിശ്യയിലെ ഭരണാധികാരി .

"എന്ത് , നിങ്ങളുടെ അമീര്‍ 'ബൈത്തുല്‍ മാലില്‍' നിന്നും സഹായം തേടുന്നത്രയും പാവപ്പെട്ടവനോ ?" എന്ന ഉമരി(റളി)ന്റെ ചോദ്യത്തില്‍ ഞെട്ടലുണ്ടായിരുന്നു .

"അതെ , അള്ളാഹുവാനെ സത്യം , അവരുടെ വീട്ടില്‍ അടുപ്പില്‍ തീ കത്തിച്ചിട്ട് നാളുകള്‍ വളരെയായി . അത് ഞങ്ങള്‍ക്കറിയാം" . എന്നവര്‍ സാക്ഷ്യം പറഞ്ഞു .

ഒരു പ്രവിശ്യയുടെ ഗവര്‍ണ്ണര്‍ ഇത്രയും നിര്‍ദ്ധനനോ ?. തടഞ്ഞുനിര്‍ത്താനാവാതെ ഒരു സാമ്രാജ്യത്തിന്റെ ഖലീഫ പൊട്ടിക്കരഞ്ഞു .

ആയിരം ദീനാര്‍ ഒരു സഞ്ചിയില്‍ പൊതിഞ്ഞ് അവരുടെ പക്കല്‍ കൊടുത്തിട്ട് ,"എന്റെ സലാം അവരോട് പറയുക . അമീറുല്‍ മുഅമിനീന്‍ ഈ പണം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു എന്നറിയിക്കുക . ഇതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊള്ളുവാന്‍ പറയുക ."

പ്രതിനിധി സംഘം ഹിംസില്‍ മടങ്ങിയെത്തി . ഉമരി(റളി)ന്റെ പക്കല്‍ നിന്നുമുള്ള ഉപഹാരം ഗവര്‍ണ്ണര്‍ സയീദ്‌ ഇബ്നു ആമിര്‍(റളി)ന്ന് എത്തിച്ചു കൊടുത്തു . സയീദ്‌ (റളി) അത് തുറന്നുനോക്കി . സഞ്ചിയിലെ ദീനാരുകളെ കണ്ട് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപോയി "ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊന്‍" . മരണം പോലുള്ള ദു:ഖകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ മുസ്ലീംകള്‍ പ്രകടിപ്പിക്കുന്ന അള്ളാഹുവിന്റെ പക്കലുള്ള അഭയം തേടല്‍ . അതുതന്നെയാണ് സയീദ്‌ ഇബ്നു ആമിര്‍(റളി) വിളിച്ചു പറഞ്ഞുപോയത്‌ .
                       ---------------------------------------------------------------------------------
മക്കാ നഗരത്തില്‍ നിന്നും അല്‍പ്പം അകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് 'തന്‍ഈം' . നബി (സ : അ)യോടൊപ്പം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുവാനായി വന്ന ആയിഷാ(റളി)ക്ക് ഹജ്ജിന്റെ ചടങ്ങുകള്‍ക്ക് ഇടയില്‍ സ്ത്രീ സഹജമായ അസുഖം കാരണം 'കഅബ' തവാഫ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി . അവര്‍ അശുദ്ധി നീങ്ങിയശേഷം 'തന്‍ഈ'മിലേയ്ക്ക് വന്ന് ഇഹ്റാമണിഞ്ഞ്‌ 'കഅബ'യില്‍ ചെന്ന് തവാഫ് ചെയ്ത് ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുകയുണ്ടായി . 'തന്‍ഈ'മിലെ ആ സ്ഥലത്ത് ഇപ്പോള്‍ ആയിഷാ(റളി)യുടെ പേരില്‍ ഒരു മസ്ജിദ് സ്ഥിതിചെയ്യുന്നുണ്ട് .

'തന്‍ഈ'മിലന്ന് ഒരുസംഭവം നടക്കുകയായിരുന്നു . കുബൈബ് ഇബ്നു അതീ (റളി) എന്ന സഹാബിയെ മക്കാഖുരൈഷികള്‍ തടവുകാരനായി പിടികൂടി അന്നേദിവസം മരണശിക്ഷക്ക് വിധിച്ചിരുന്നു . ബിലാല്‍ (റളി)നെ പൊള്ളുന്ന ചുടുമണലില്‍ പിറന്നമേനിയായി കിടത്തി നെഞ്ചില്‍ ചുട്ടുപൊള്ളുന്ന പാറക്കല്ല് കയറ്റിവെച്ച് കുതൂഹലത്തോടെ നോക്കിരസിച്ച കൂട്ടരല്ലേ ?. അതുപോലെ മക്കാ നഗരവാസികള്‍ മുഴുവനും കാഴ്ച കാണാന്‍ കൂട്ടം കൂടിയിരുന്നു . സയീദ്‌ ഇബ്നു ആമിര്‍ അപ്പോള്‍ യുവാവായിരുന്നു . തിക്കിത്തിരക്കി അദ്ദേഹവും കൂട്ടത്തിനിടയിലേയ്ക്ക് തള്ളിക്കയറി തമാശ കാണാന്‍ .

ഇരുമ്പ് ചങ്ങലയാല്‍ ബന്ധനസ്ഥനാക്കി കൊണ്ടുവന്ന കുബൈബിനോട് അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിക്കപ്പെട്ടു . "രണ്ടു റഖഅത്ത് നമസ്ക്കരിക്കണം" അതായിരുന്നു അവരുടെ മറുപടി .
ആഗ്രഹം അംഗീകരിക്കപ്പെട്ടു . മരണഭയം ലവലേശവും ഇല്ലാതെ ശാന്തനായി കുബൈബ് നമസ്ക്കാരം നിറവേറ്റി . പിന്നീട് ക്രൂരമായി ഭേദ്യം ചെയ്യപ്പെട്ട് കുരിശില്‍ തറച്ച് കൊല്ലപ്പെടുകയുണ്ടായി .

ഇതുകണ്ട സയീദ്‌ ഇബ്നു ആമിറിന്റെ മനസ്സ് മന്ത്രിച്ചു . "ശരിയല്ല , ഈ നടക്കുന്നത് ഒന്നുംതന്നെ ശരിയല്ല . ഇതില്‍ ന്യായം ലവലേശമില്ല" എന്ന് അദ്ദേഹത്തിന്റെ മനസ്സ് ദൃഡമായി മന്ത്രിച്ചു കൊണ്ടിരുന്നു . തുടര്‍ന്നു വന്ന ദിവസങ്ങളില്‍ മനസ്സിനെ മരണം തോല്‍പ്പിച്ചു . "നാശത്തിലേക്കാന് നിങ്ങളും നിങ്ങളുടെ വിശ്വാസങ്ങളും" എന്ന് ഖുരൈഷികളെ നോക്കി പറഞ്ഞിട്ട് സയീദ്‌ മക്കയില്‍നിന്നും മദീനായിലേക്ക് പുറപ്പെട്ടു . അവിടെ ചെന്ന് ഇസ്ലാം മാര്‍ഗ്ഗം സ്വീകരിച്ച് നബി (സ:)യുടെ അടുക്കല്‍ അഭയംതേടി . പിന്നീട് നടന്ന ഖൈബര്‍ യുദ്ധത്തിലും , അതിനുശേഷം നടന്ന പല യുദ്ധങ്ങളിലും പങ്കെടുത്ത ധീരനായ ഒരു യോദ്ധാവായിരുന്നു സയീദ്‌ ഇബ്നു ആമിര്‍ (റളി) .
നബി (സ:)ക്ക് ശേഷംവന്ന ഖലീഫമാരായ അബൂബക്കര്‍ (റളി), ഉമര്‍ (റളി) എന്നീ രണ്ട് ഖലീഫമാരും സയീദിബ്നു ആമിര്‍ (റളി)ന്റെ സത്യസന്തതയും , ദൃഡമായ ദൈവ വിശ്വാസത്തേയും നല്ലവണ്ണം മനസ്സിലാക്കിയവര്‍ ആയിരുന്നു . ആ രണ്ട് ഖലീഫമാരും പലകാര്യങ്ങളിലും സയീദിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു . ഉമര്‍ (റളി) ഖലീഫയായി അധികാരമേറ്റ ശേഷം ആദ്യമായി സയീദിന്റെ ഉപദേശമാണ് തേടുകയുണ്ടായത് . "ഞാന്‍ നിങ്ങളോട് മനസ്സുതുറന്ന് പറയുന്നു . ജനങ്ങളോട് നിങ്ങള്‍ നടന്നുകൊള്ളുന്ന വിധത്തില്‍ അള്ളാഹുവിനെ സൂക്ഷിച്ചുകൊള്ളുക . എന്നാല്‍ അള്ളാഹുവുമായി നിങ്ങള്‍ക്കുള്ള ബന്ധത്തില്‍ ആരെയും ഭയപ്പെടേണ്ടതില്ല . പറയുന്നത് പ്രവര്‍ത്തിക്കുക . എന്തുകൊണ്ടെന്നാല്‍ വാഗ്ദാനങ്ങളില്‍ മികച്ചത് അതിനെ നിറവേറ്റുന്നതിലാണ് . മുസ്ലീംകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നവരെ വിശ്വാസത്തിലെടുക്കുക . നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്ത് ആഗ്രഹിക്കുന്നുവോ , എന്തിനെ വെറുക്കുന്നുവോ അതുതന്നെ ജനങ്ങള്‍ക്കും ആഗ്രഹിക്കുകയും , നിരാകരിക്കുകയും ചെയ്യുക . സത്യത്തിലേക്കുള്ള  മാര്‍ഗ്ഗത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ നേരിട്ടാലും ധീരമായി അതിനെ എതിരിടുക . അള്ളാഹുവിന്റെ ആജ്ഞകളെ നിറവേറ്റുന്നതില്‍ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ പുറന്തള്ളുക" . ഇതുതന്നെയായിരുന്നു ആ ഉപദേശത്തിന്റെ സാരാംശം .

ഈ സത്യസന്ധതയും , വിവേകവും തന്നെയാണ് ഹിംസ് പ്രവിശ്യയിലേക്കുള്ള ഗവര്‍ണ്ണരായി യോഗ്യതയുള്ള ഒരാളെ തിരഞ്ഞെടുക്കുവാന്‍ ഉമര്‍ (റളി) ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ സയീദിബ്നു ആമിര്‍ (റളി)ന്റെ പേര്‍ മനസ്സിലേക്ക് പെട്ടെന്ന് കടന്നു വരുവാന്‍ കാരണമായത്‌ .

"സയീദ്‌ , നിങ്ങളെ ഹിംസിലെ ഗവര്‍ണ്ണരായി നിയമിച്ചിരിക്കുന്നു" എന്ന് ഉമര്‍ (റളി) അറിയിച്ചപ്പോള്‍ ആ വാര്‍ത്ത കേട്ട് അദ്ദേഹം ഒട്ടും സന്തോഷം പ്രകടിപ്പിച്ചില്ല . അതിനേക്കാളും ഉമരി (റളി)നെ ആശ്ചര്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ മറുപടിയായിരുന്നു . "ഉമര്‍ , ഞാന്‍ വിനയപൂര്‍വ്വം നിങ്ങളോട് അപേക്ഷിക്കുന്നു . എന്നെ ലോക വ്യവഹാരങ്ങളിലെല്ലാം ചുമതല നല്‍കി അള്ളാഹുവിന്റെ പക്കല്‍ നഷ്ടപ്പെട്ടവനാക്കി തീര്‍ക്കരുത്‌ ". ഇതുകേട്ട ഉമര്‍(റളി) കോപത്താല്‍ പൊട്ടിത്തെറിച്ചു . "എല്ലാവരുംകൂടി എന്നെ മാത്രം ഖലീഫയുടെ ഉത്തരവാദിത്വത്തില്‍ പിടിച്ചിരുത്തും . ലോക വ്യവഹാരങ്ങലുടെ ഭാരം എന്നില്‍ മാത്രം ചുമത്തിവെയ്ക്കും . എന്നാല്‍ , എന്നെ സഹായിക്കുന്ന കാര്യത്തില്‍ എല്ലാവരും എന്നെ കൈവിട്ടു കളയുകയും ചെയ്യും ".

പദവിയും , പണവും , അന്തസ്സും , പ്രശസ്തിയും എല്ലാറ്റിനെയും ത്യജിച്ച് ഒതുങ്ങിക്കഴിഞ്ഞിരുന്ന സമൂഹമായിരുന്നു അത് . എല്ലാ കാര്യങ്ങളിലും മാതൃക കാട്ടിയ സമൂഹം . നമുക്ക് ചരിത്രങ്ങളില്‍ മാത്രം വായിച്ച് നെടുവീര്‍പ്പിടുവാന്‍ മാത്രമേ കഴിയൂ .

ഉമരി(റളി)ന്റെ വാദത്തിലുള്ള സത്യാവസ്ഥ സയീദിനു ഗ്രഹിക്കുവാന്‍ കഴിഞ്ഞു . "അള്ളാഹുവാനെ സത്യം നിങ്ങളെ ഞാന്‍ കൈവെടിയുകയില്ല ". ഖലീഫയോടു അദ്ദേഹം പറഞ്ഞു .

വിവാഹിതനായിരുന്ന സമയം . പുത്തന്‍ മണവാട്ടിയുമൊത്ത് ഹിംസിലേക്ക് യാത്രതിരിച്ചു സയീദ്‌ (റളി). ഖലീഫയില്‍ നിന്നും കിട്ടിയിരുന്ന പണം കയ്യിലുണ്ടായിരുന്നു . പുതിയ സ്ഥലത്ത് സയീദിനു താമസിക്കുവാന്‍ ചിലവുകള്‍ ഉണ്ടാവുമല്ലോ . ഹിംസില്‍ വന്നു ചേര്‍ന്നതും താമസത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം വാങ്ങിക്കൊണ്ടുവന്നു . എന്നിട്ട് ഭാര്യയോട് പറഞ്ഞു , നമ്മള്‍ താമസിക്കുന്ന സ്ഥലത്ത് കച്ചവടത്തില്‍ നല്ല ലാഭം കിട്ടും . അതുകൊണ്ട് നമ്മുടെ കയ്യില്‍ ബാക്കിയുള്ള തുകയെ നല്ലൊരു കച്ചവടത്തില്‍ നിക്ഷേപിക്കാം" .

അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു . "കച്ചവടത്തില്‍ നഷ്ടം സംഭവിച്ചു പോയാലോ ?". വീട്ടിലേക്ക് ആവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങി വെക്കുകയല്ലേ നല്ലത് " എന്ന് എല്ലാവര്ക്കും തോന്നാവുന്ന ന്യായമായ ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു . "ഞാന്‍ ആരെ വിശ്വസിച്ച് നിക്ഷേപം ചെയ്യുന്നുവോ അവരെ കൊണ്ടുതന്നെ അതിന് ഉത്തരവാദിത്വം തരാന്‍ പറയാം " എന്ന് മറുപടി നല്‍കി സയീദ്‌ (റളി).

കയ്യില്‍ ശേഷിച്ചിരുന്ന സമ്പത്ത് മുഴുവനും പാവപ്പെട്ടവര്‍ക്കും , അശരണര്‍ക്കും അദ്ദേഹം കൊടുത്തു തീര്‍ത്തു . അതിന്നുശേഷം കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുമ്പോളെല്ലാം "അതിനെന്തു ? അത് വളരെനന്നായി നടന്നു കൊണ്ടിരിക്കുന്നു . അതില്‍ നിന്നുള്ള ലാഭവും വര്‍ദ്ധിച്ചുകൊണ്ട് തന്നെയാനിരിക്കുന്നത് " എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത് .ഒരുദിവസം സയീദി(റളി)നെ കുറിച്ച് നന്നായറിയാവുന്ന ഒരു ബന്ധുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സയീദിന്റെ കച്ചവടത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി . ബന്ധുവിന്റെ പൊട്ടിച്ചിരി സയീദ്‌ (റളി)ന്റെ ഭാര്യക്ക് സംശയം ജനിപ്പിക്കുകയാല്‍ , അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ബന്ധുവിന് സത്യാവസ്ഥ പറയേണ്ടതായി വന്നു . ഭാര്യയുടെ കരച്ചിലും തേങ്ങലും സയീദ്‌ (റളി)ന്റെ ഹൃദയത്തില്‍ സഹതാപം സൃഷ്ടിച്ചു . "എന്റെ സുഹൃത്തുക്കള്‍ എനിക്കുമുമ്പേ മരിച്ചുപോയി . ഈ ലോകവും അതിലുള്ള സകല വസ്തുക്കളും ഈടായി കിട്ടുകയാണെങ്കില്‍ പോലും , നേര്‍ മാര്‍ഗ്ഗത്തില്‍ ജീവിച്ചു മരിച്ച അവരുടെ മാര്‍ഗ്ഗത്തില്‍ നിന്നും അണുവിട വ്യതിചലിക്കുവാന്‍ ഞാന്‍ തയ്യാറല്ല " എന്നദ്ദേഹം പറഞ്ഞു . ദു:ഖത്തിലും ഭാര്യയുടെ സൌന്ദര്യം അദ്ദേഹത്തെ ഭ്രമിപ്പിച്ചു . മനസ്സിനെ ദൃഡപ്പെടുത്തിക്കൊണ്ട് ,"സ്വര്‍ഗ്ഗത്തിലെ ഭംഗിയുള്ള കണ്ണുകള്‍ക്ക്‌ ഉടമസ്ഥരായ 'ഹൂരുലീന്‍'കളെ കുറിച്ച് നിനക്ക് അറിയാമല്ലോ ?, അവരില്‍ ഒരാള്‍ ഭൂമിയെ നോക്കിയാലും അതിന്റെ ശക്തിയാല്‍ ഭൂമിയിലെ മുഴുവന്‍ പ്രദേശങ്ങളും ശോഭയാല്‍ വെട്ടിത്തിളങ്ങും . സൂര്യനിലും , ചന്ദ്രനിലും നിന്നുമുള്ള ശോഭയെക്കാലും കണ്ണഞ്ചിക്കുന്നതായിരിക്കും അത് . നിന്നേയും അവരുടെ കൂട്ടത്തില്‍ വിട്ടുകൊടുക്കുക എന്നത് വളരെ നല്ല കാര്യമാണ് ".

സയീദ്‌ (റളി)ന്റെ ഭാര്യയുടെ മനസ്സ് ശാന്തമായി . തന്റെ ഭര്‍ത്താവിന്റെ ചിന്തകളും , മനോഗതിയും അവര്‍ക്ക് മനസ്സിലായി . ഈ വിധത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയിരുന്ന സയീദ്‌ ഇബ്നു ആമിര്‍(റളി)ന്റെ പക്കല്‍ വീണ്ടും ദീനാറുകള്‍ വന്നുചേര്‍ന്നാലോ ?.

'ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍' എന്ന ഉച്ചത്തിലുള്ള വിളികേട്ട് ഓടിവന്ന സയീദ്‌ (റളി )ന്റെ ഭാര്യ ചോദിച്ചു "എന്ത് ? ഖലീഫ മരണപ്പെട്ടുപോയോ?" .

"അതിനേക്കാളും വലിയ സങ്കടം "

"മുസ്ലീംകള്‍ക്ക് യുദ്ധത്തില്‍ പരാജയം വല്ലതും സംഭവിച്ചുപോയോ?" .

"അതിനേക്കാളും വലിയ വിപത്ത് , ഒരു കൊടും വിപത്ത് . എന്റെ പരലോക ജീവിതത്തെ നാശമാക്കുവാനും , എന്റെ വീട്ടില്‍ കുഴപ്പം സൃഷ്ടിക്കുവാനും വന്നിരിക്കുന്നു" .

"എങ്കില്‍ അതിനെ വിട്ടൊഴിയുക" എന്ന്‍ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു , ദീനാരുകലുടെ കാര്യത്തെക്കുറിച്ച് അറിയാതെ .

"അങ്ങിനെയെങ്കില്‍ നിനക്കെന്നെ സഹായിക്കാമോ ?".

അങ്ങിനെ ഭാര്യയുടെ സഹായത്തോടെ , ഖലീഫയുടെ പക്കല്‍നിന്നും കിട്ടിയ ദീനാറുകള്‍ മുഴുവനും ഒരു സഞ്ചിയില്‍ ശേഖരിച്ച് ഹിംസിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു സയീദ്‌ (റളി).

എന്തെന്നാണ് ഇതിനെ പറയേണ്ടത് ?. ഇല്ലായ്മയില്‍ കഴിയുന്നത്‌ തന്നെയാണ് ജീവിതം എന്നതിനെ നമുക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയുമോ എന്നറിയില്ല .

ഹിംസ് , ഇറാഖിലുള്ള കൂഫാ നഗരത്തിനു തുല്യമായി ഒരുകാര്യത്തില്‍ മുന്നിട്ടുനിന്നിരുന്നു . കൂഫായിലെ ജനങ്ങള്‍ അവിടുത്തെ ഗവര്‍ണ്ണറെ കുറിച്ച് എപ്പോഴും പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കും . അതുപോലെതന്നെ ഹിംസിലെ ജനങ്ങളും ഗവര്‍ണ്ണരുടെ പേരില്‍ കുറ്റാരോപണങ്ങള്‍ ഉന്നയിക്കുവാന്‍ തുടങ്ങി . ഈ സംഭവം ഹിംസിനെ മറ്റൊരു കൂഫായെന്നു വിളിക്കുന്ന സ്ഥിതിയിലേയ്ക്കു എത്തിച്ചേര്‍ന്നു .

ഉമര്‍ (റളി) സിറിയയില്‍ എത്തിച്ചേര്‍ന്നു .ഹിംസിലെ ജനങ്ങള്‍ക്ക്‌ സയീദ്‌ ഇബ്നു ആമിറി(റളി)ന്റെ പേരില്‍ പ്രധാനപ്പെട്ട നാല് പരാതികള്‍ ഉണ്ടായിരുന്നു . നമ്മുടെ ഭരണകര്‍ത്താക്കളെ കണ്ട് പരിചയപ്പെട്ട നമുക്ക് ഹിംസിലെ ജനങ്ങളുടെ കുറ്റാരോപണങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ തനി കിരുക്കനായി തോന്നും .

എന്നാല്‍ , ഗവര്‍ണ്ണരുടെ പേരിലുള്ള പരാതികളെ കുറിച്ച് അന്വേഷിച്ച ഖലീഫ ഉമര്‍ (റളി) സ്തംഭിച്ചു പോയി . അത് ഒരിക്കലും ക്ഷമിക്കുവാന്‍ പറ്റാത്ത കുറ്റങ്ങള്‍ തന്നെയാണ് . സയീദ്‌ (റളി)ന്റെ പേരില്‍ തനിക്കുണ്ടായിരുന്ന വിശ്വാസത്തിന് ഭംഗം വന്നുപോവുമോ എന്ന് ഉമരി (റളി)നെ ഉത്കണ്ഠപ്പെടുത്തിയ കുറ്റാരോപണങ്ങള്‍ ആയിരുന്നു അവയെല്ലാം . ജനങ്ങളോട് വിശദീകരണം നല്‍കുവാന്‍ ഗവര്‍ണ്ണറെ വരാന്‍ പറഞ്ഞു ഖലീഫ ഉമര്‍ (റളി) .

ഗവര്‍ണ്ണര്‍ വന്നുചെന്നു . അട്ദീഹത്തിന്റെ പേരിലുള്ള ആദ്യത്തെ പരാതി ഉന്നയിക്കപ്പെട്ടു . "ഇദ്ദേഹം ജോലിക്ക് വരുന്നത് ദിവസം ആരംഭിച്ച് ഉച്ചയോടടുത്ത് മാത്രമാണ് " .

"സയീദ്‌ എന്താണ് ഇതിന് മറുപടി പറയുവാനുള്ളത് ?" എന്ന് ഉമര്‍ (റളി) ചോദിച്ചു .

അല്‍പ്പനേരത്തെ മൌനത്തിനു ശേഷം സയീദ്‌ (റളി) പറഞ്ഞു ." അള്ളാഹുവാനെ സത്യം ! ഞാന്‍ അതിനെ കുറിച്ച് പുറത്ത് പറയുവാന്‍ ആഗ്രഹിക്കുന്നില്ല . എന്നാല്‍ , ഈ ആരോപണത്തിനു ഉത്തരം പറയേണ്ടത് എന്റെ കടമയാണ് . എന്റെ കുടുംബത്തിന് സഹായത്തിനായി ജോലിക്കാര്‍ ആരുംതന്നെയില്ല . ഓരോദിവസവും കാലത്ത് ഉണര്‍ന്നതും റൊട്ടിയുണ്ടാക്കുവാന്‍ വേണ്ടി മാവ് കുഴച്ചു വെയ്ക്കുകയും , എന്നിട്ട് മാവ് പാകപ്പെടുന്നതുവരെ കാത്തിരിക്കുകയും , പിന്നീട് അതിനെ വീട്ടിലുള്ളവര്‍ക്കായി ചുട്ടുകൊടുത്തിട്ട് ജോലിക്കായി എത്തിച്ചേരുകയും ചെയ്യും" .

"രാത്രി കാലങ്ങളില്‍ ഞങ്ങളെ സന്ദര്‍ശിക്കുവാന്‍ ഇദ്ദേഹം വരാറില്ല " രണ്ടാമത്തെ പരാതി ബോധിപ്പിക്കപ്പെട്ടു .

അല്‍പ്പം മടിച്ചു നിന്നശേഷം സയീദ്‌ (റളി) ഇതിന് മറുപടി പറഞ്ഞു . "ഇതും ഞാന്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല . പകല്‍സമയം മുഴുവനും ജനങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ചിലവിടുകയാണ് . അതുകൊണ്ട് രാത്രികാലങ്ങളെ എന്റെ സൃഷ്ടാവിന്നായി , അവനെ പ്രാര്‍ത്തിച്ചു കഴിയുവാന്‍ വിനിയോഗിക്കുന്നു" .

"മാസത്തില്‍ ഒരുദിവസം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തണം എന്നവിധി ഇദ്ദേഹം തെറ്റിച്ചിരിക്കുന്നു" . അടുത്ത പരാതി മുന്നോട്ടുവെച്ചു ജനങ്ങള്‍ .

"അമീറുല്‍ മുഅമിനീന്‍ ! എന്നെ വീട്ടുജോലിയില്‍ സഹായിക്കുവാന്‍ ജോലിക്കാര്‍ ആരുമില്ല . ഉടുതുണി എന്ന് എന്റെ പക്കലുള്ളത്‌ ഞാന്‍ ഉടുത്തിരിക്കുന്ന ഇതൊന്നുമാത്രമാണ് . മാസത്തില്‍ ഒരിക്കല്‍ ഇതിനെ അലക്കി , ഉണക്കിയ ശേഷം അണിഞ്ഞുകൊണ്ട് പുറത്തിരങ്ങേണ്ട സ്ഥിതിയിലാണ് ഞാനുള്ളത് . അതുകൊണ്ട് തന്നെയാണ് അന്നത്തെ ദിവസം ജനങ്ങളെ സന്ദര്‍ശിക്കുവാന്‍ എനിക്ക് സാധിക്കാതെ പോവുന്നത് " .

"അടുത്തതായി ഇവരുടെ പേരിലുള്ള പരാതി എന്താണ് ?" ഉമര്‍ (റളി) ചോദിച്ചു .

"ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം ബോധംകെട്ട് വീണുപോവുന്നു " .

സയീദ്‌ (റളി) ഇതിനും മറുപടി പറഞ്ഞു . "ഞാന്‍ ഇസ്ലാം മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു മുന്‍പ് 'കുബൈബ് ഇബ്നു അതീ (റളി) കൊല്ലപ്പെടുന്നത് എന്റെ കണ്ണുകൊണ്ട് ഞാന്‍ കാണുകയുണ്ടായി . ഖുറൈശികള്‍ അദ്ദേഹത്തെ അറുത്തും , വെട്ടിയും അറുകൊല ചെയ്തുകൊണ്ടിരുന്നു . ശരീരത്തില്‍നിന്നും ചോര ചീറ്റി തെറിച്ചുകൊണ്ടിരുന്നു . അപ്പോള്‍ അദ്ദേഹത്തോട് അവര്‍ ചോദിക്കുകയുണ്ടായി 'നിനക്ക് പകരമായി ഇവിടെയിപ്പോള്‍ മുഹമ്മദ്‌ ആയിരുന്നുവെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നില്ലേ ?' എന്ന് . അതിന്ന് കുബൈബ് പറഞ്ഞ മറുപടി 'മുഹമ്മദിന്റെ ശരീരത്തില്‍ ഒരു മുള്ളുതറയ്ക്കാന്‍ വിട്ടിട്ടുപോലും ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയുണ്ടാവില്ല' . ഖുരൈശികളുടെ ആക്രോശം പാരമ്യത്തിലെത്തി . അദ്ദേഹത്തെ അവര്‍ കുരിശില്‍ തറച്ച് കൊള്ളുകയുണ്ടായി . ഇതിനെല്ലാം ഒരു സാക്ഷിയായി നിന്നുകൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്താതെ ജനങ്ങളില്‍ ഒരാളായി , വെറും ഒരു കാഴ്ചക്കാരനായി ഞാനും നിന്നുപോയല്ലോ എന്ന ചിന്തയും , നഷ്ടബോധവും തോന്നുമ്പോളെല്ലാം , അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷയെക്കുറിച്ച് ചിന്തിച്ച് എന്റെ ഉള്ള് നടുങ്ങിപ്പോവുന്നു . അങ്ങിനെയുള്ള സമയങ്ങളില്‍ എന്നെയറിയാതെ ഞാന്‍ ബോധംകെട്ട് വീണുപോവുന്നു !" .

എല്ലാം കേട്ടുകൊണ്ടിരുന്ന ഖലീഫ ഉമര്‍ (റളി) പറഞ്ഞു . "എല്ലാ സ്തുതിയും അള്ളാഹുവിനു മാത്രം . എനിക്ക് സയീദിന്റെ പേരില്‍ ഉണ്ടായിരുന്ന വിശ്വാസത്തിന് ഒരു കളങ്കവും സംഭവിച്ചിട്ടില്ല " .

സയീദ്‌ ഇബ്നു ആമിര്‍ (റളി ) ഹിജ്റി ഇരുപതാം വര്‍ഷം ഇഹലോകവാസം വെടിഞ്ഞു . 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ ' .   

1 comment:

  1. ഈ പരിശ്രമത്തിന്‍ അള്ളാഹു ദുനിയാവിലും ആഖിറത്തിലും ഉയര്‍ന്ന പ്രതിഭലം നല്‍കി അനുഗ്രഹിക്കും ഇതുപോലെയുള്ള കുടുതല്‍ നല്ല പ്രവ്ര്തിചെയ്യാന്‍ തൌഫിക് നല്‍കുകയും ചെയ്യട്ടെ (ആമീന്‍)

    ReplyDelete